ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില ഗുരുതരം. അദ്ദേഹത്തിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായ നവാസ് ഷെരീഫ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ നവാസ് ഷരീഫ് ജീവന് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണെന്ന് ഷരീഫിന്റെ പേഴ്സണല്‍ ഫിസിഷ്യന്‍ ഡോക്ടര്‍ അദ്നാന് ഖാന് അറിയിച്ചു.
നവാസ് ഷെരീഫിന്റെ മകന് ഹുസൈന് ഷെരീഫ് ആണ് പിതാവിന് വിഷം കൊടുത്തുവെന്ന സംശയം പ്രകടിപ്പിച്ചത്. അതേസമയം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്….വിഷം അകത്തുചെന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫില്‍ സംഭവിക്കുന്നതെന്ന് മകന് പറയുന്നു.
നവാസ് ഷെരീഫിന് എന്തെങ്കിലും സംഭവിച്ചാല്‍… നിങ്ങള്‍ക്കറിയാമോ ആരാണ് ഉത്തരവാദിയെന്ന്? എന്നാണ് ഹുസൈന് ഷരീഫിന്റെ ട്വീറ്റ്.അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ദി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തസ്രാവമുണ്ടെന്നാണ് സൂചന. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റിന്റെ കൗണ്ടില്‍ വന്‍തോതില്‍ കുറവ് സംഭവിച്ചു. 16000ത്തില്‍ നിന്ന് 2000 ആയി കൗണ്ട് കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയെന്നും ഡോണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നവാസ് ഷെരീഫിനെ സഹോദരനും പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) നേതാവുമായി ഷഹബാസ് ഷെരീഫ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഷഹബാസ് ആവശ്യപ്പെട്ടു.ലാഹോര്‍ സര്‍വീസ് ഹോസ്പിറ്റല്‍ പ്രിന്‍സപ്പല്‍ അയാസ് മഹ്മൂദ് ഉള്‍പ്പെടെയുള്ള ആറ് വിദഗ്ധരാണ് നവാസ് ഷരീഫിനെ ചികില്സിക്കുന്നത്. എന്താണ് ആരോഗ്യനില പെട്ടെന്ന് വഷളാവാനുള്ള കാരണം എന്ന് കണ്ടെത്തിയിട്ടില്ല.
പ്ലേറ്റ്ലെറ്റ് കൗണ്ടില്‍ കുറവ് സംഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ പ്ലേറ്റ്ലെറ്റുകള് ശരീരത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.അതേസമയം, ജയിലില്‍ കഴിയുന്ന പാകിസ്താനിലെ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആരോഗ്യനിലയും വഷളായി. റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലിലായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയെന്നാണ് വിവരം. അദ്ദേഹത്തിന് ജയിലില്‍ വൈദ്യപരിശോധന നല്‍കിയില്ലെന്നാണ് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ആരോപണം.
Post Your Comments