മലയോര മേഖലയിൽ മത്സൃകൃഷി വ്യാപിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തികളും ഫിഷറിസ് വകുപ്പും സഹകരിച്ച് മത്സ്യ ഉത്പാദനവും വിപണനവും ശക്തിപ്പെടുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. വാത്തികുടി പഞ്ചായത്തിലെ തോപ്രാംകുടിയിൽ ഉൾനാടൻ ശുദ്ധജല മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാത്തികുടി ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം യുവാക്കൾ ആരംഭിച്ച ഉൾനാടൻ ശുദ്ധ ജല മത്സ്യകൃഷിയുടെ വിളവെടുപ്പ് വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. എട്ട് മാസങ്ങൾക്കു മുൻപ് തോപ്രാംകുടി സ്വദേശികളായ തുരുത്തിപ്പിള്ളിൽ എബി, വടക്കേമുളഞ്ഞനാൽ ജയിംസ്, വെളളൂക്കുന്നേൽ പ്രദീപ് എന്നിവർ ചേർന്ന് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി ആരംഭിച്ചത്. തോപ്രാംകുടിയിൽ ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് മത്സ്യകുളം നിർമ്മിച്ചത്. ഇരുപത്തി മൂന്നു ലക്ഷം രൂപ മുതൽ മുടക്കി നടത്തിയ മത്സ്യകൃഷിയുടെ ആദ്യ വിളവെടുപ്പിൽ ഇരുപതു ടൺ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ. ബാങ്കിൽ നിന്നും ലോണെടുത്തും, ഫിഷറീസ് സബ്സീഡിയോടും കൂടിയാണ് യുവാക്കൾ മത്സ്യകൃഷി തുടങ്ങിയത്. ജീവനോടെ പിടിക്കുന്ന മത്സ്യം വാങ്ങുവാൻ ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവരുടെ കൃഷിയിടത്തിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ മത്സ്യം മിതമായനിരക്കിൽ ആവശ്യക്കാർക്ക് നൽകുമെന്നും യുവാക്കൾ പറഞ്ഞു.
Post Your Comments