Latest NewsKeralaNews

കനത്തമഴയില്‍ മുങ്ങി എറണാകുളം; പോളിങ് മാറ്റിവെച്ചേക്കും

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളത്തെ പോളിങ് മാറ്റിവെക്കാന്‍ സാധ്യത. ആദ്യ മണിക്കൂറില്‍ തന്നെ പോളിങ്ങ് മന്ദഗതിയിലാണ് തുടങ്ങിയത്. എന്നാല്‍ മഴ കനത്ത് പെയ്തതോടെ ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ എത്താനാകാത്ത അവസ്ഥയാണ്. എറണാകുളത്ത് അയ്യപ്പന്‍കാവിലെ ആറോളം ബൂത്തുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പോളിങ്ങ് നിര്‍ത്തി വച്ചു. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മഴയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇത് ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. രൂക്ഷമായ മഴ തുടരുകയാണെങ്കില്‍ കലക്ടറോട് റിപ്പോട്ട് തേടിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. മഴ മാറിയില്ലെങ്കില്‍ ആറ് മണിക്ക് ശേഷവും പോളിങ് തുടരുമെന്നും പരമാവധി ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ശതമാനം കുറയുമെന്ന ആശങ്കയിലാണ് സ്ഥാനാര്‍ത്ഥികള്‍.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ് ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button