കൊച്ചി: ജീവിതത്തിലെ ചില നിമിഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ അത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ആയാലോ? അതെങ്ങനെ നടക്കും എന്ന് ചിന്തിക്കേണ്ട. കുടുംബത്തിലെ കല്യാണം, പിറന്നാള്‍ ആഘോഷങ്ങള്‍ എന്നുവേണ്ട ഇനി എല്ലാ സ്വകാര്യ ചടങ്ങുകളും റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നടത്താം. ടിക്കറ്റ് ഇതര വരുമാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വെ ഉടമസ്ഥതയിലുളള സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നത്. കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനാണ് രാജ്യത്ത് ഇത്തരത്തില്‍ ആദ്യമായി വാടകയ്ക്ക് നല്‍കപ്പെട്ട റെയില്‍വെ സ്റ്റേഷന്‍.
റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശന കവാടത്തില്‍ അതിഥികളെ വരവേല്‍ക്കാന്‍ ടിക്കറ്റ് എക്‌സാമിനര്‍ ഉണ്ടായിരിക്കും. വന്നു കയറുന്നവരെ കാര്യം പറഞ്ഞ് ആനയിച്ചിരുത്താന്‍ റെയില്‍വെ പോര്‍ട്ടര്‍മാരും റെഡി. ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, പുസ്തകശാല അങ്ങനെ ഒരു റെയില്‍വെ സ്റ്റേഷന്‍ അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് കൊച്ചിയുടെ ചരിത്രമുറങ്ങുന്ന ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍. സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ അതിഥി സല്‍ക്കാരത്തിനായി റെയില്‍വെ സ്റ്റേഷന്‍ വാടകയ്ക്ക് കൊടുത്തതോടെ രാജ്യത്തിന്റെ റെയില്‍വെ ചരിത്രത്തിലെ നിര്‍ണായക മാറ്റങ്ങളിലൊന്നിനു കൂടിയാണ് ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷന്‍ വേദിയായത്.
ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വെയുടെ ഉടമസ്ഥതയിലുളള പല സ്ഥലങ്ങളും ഈ മാതൃക നടപ്പിലാക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ ഇനി വാടകയ്ക്ക് നല്‍കും. ഏതു സ്വകാര്യ ആവശ്യത്തിനും ഇത്തരത്തില്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ടുകിട്ടും. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം പൗരാണിക പ്രാധാന്യമുളള സ്ഥലങ്ങള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഈ ഉദ്യമത്തിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. ആട്ടവും പാട്ടുമെല്ലാമായാണ് ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ ആദ്യ സ്വകാര്യ ചടങ്ങ് നടന്നത്.
Post Your Comments