
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. ഒരു ഗ്രാമത്തില്‍ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടുകയും അതിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജല്ലിക്കട്ട് പറയുന്നത്. സിനിമയിലെ പ്രമേയം ഒരു ഗ്രാമത്തില്‍ യാഥാര്‍ത്ഥ്യമായാലോ? അതാണ് ഇപ്പോള്‍ എറണാകുളം കൂത്താട്ടുകുളത്ത് സംഭവിച്ചിരിക്കുന്നത്. കയറുപൊട്ടിച്ചോടിയ പോത്ത് ഒരു നാടിനെയൊന്നാകെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
കൂത്താട്ടുകുളം ഇടയാര്‍ നിവാസികളെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കികൊണ്ടായിരുന്നു ഈ പോത്തിന്റെയും നെട്ടോട്ടം. ഇടയാറിലെ മീറ്റ് പ്രൊഡക്റ്റസ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്ത് ജീവനക്കാരെ വെട്ടിച്ച് കയറുപൊട്ടിച്ചോടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ മുഴുവന്‍ പോത്തിന് പിന്നാലെയായി. ഇടയാര്‍ കവലയില്‍ നിന്നോടി മുത്തുപൊതിക്കല്‍ മലയിലേയ്ക്ക് ഓടിയ പോത്ത് റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു.
പരിഭ്രാന്തരായ ജനങ്ങള്‍ നഗരസഭയെ വിവരമറിയച്ചതോടെ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇവര്‍ പോത്തിനെ പിടിക്കാന്‍ മലകയറിയതോടെ പോത്ത് വീണ്ടും കവലയിലേക്കോടി. സിനിമ പോലെ കാര്യങ്ങള്‍ കൈവിട്ടുപോയില്ലെങ്കിലും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പോത്തിനെ പിടികൂടി.
Post Your Comments