Latest NewsNewsIndia

കൂടത്തായി കൊലപാതക പരമ്പര; അറസ്റ്റിലാകും മുന്‍പ് ജോളി ഇമ്പിച്ചി മൊയ്തീന്റെ സഹായം തേടി, മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളെ തുടര്‍ന്ന് പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി തന്നെ വിളിച്ചതെന്ന് ഇമ്പിച്ചി മൊയ്തീന്‍ പോലീസിന് മൊഴി നല്‍കി.

കൂടത്തായി കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചി മൊയ്തീനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. ജോളി ഇമ്പിച്ചി മൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു എന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചി മൊയ്തീന്‍ പോലീസിനോട് പറഞ്ഞു. ഇതിന് ശേഷം ഒരു വക്കീലിനോടൊപ്പം താന്‍ ജോളിയുടെ അടുത്തെത്തിയിരുന്നുവെന്നും എന്നാല്‍ കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചി മൊയ്തീന്‍ പോലീസിനോട് വ്യക്തമാക്കി.

അതേസമയം, ജോളിയടക്കമുള്ള പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. രാവിലെ 10 മണിക്ക് ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് താമരശേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാത്യുവിന് ജാമ്യം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇതുവരെ ജോളിക്കോ പ്രജുകുമാറിനോ വേണ്ടി അഭിഭാഷകര്‍ രംഗത്തെത്തിയിട്ടില്ല.

പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുമെന്നും അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button