കേരളം ഞെട്ടിയ കൂടത്തായി കൊലക്കേസിൻ്റെ വിചാരണ തുടരുകയാണ്. ജോളിയുടെ സുഹൃത്തായ ജോൺസന്റെ പുതിയ വെളിപ്പെടുത്തൽ കേസിൽ നിർണായകമാവുകയാണ്. കുടുംബത്തിലുള്ളവരെ കൊലപ്പെടുത്തിയ കാര്യം ജോളി തന്നോട് ഏറ്റുപറഞ്ഞിരുന്നുവെന്നാണ് ജോൺസൺ പറയുന്നത്. വിചാരണയ്ക്കിടെ കോടതി മുറിയിൽ വെച്ചായിരുന്നു ഇയാളുടെ നിർണായക വെളിപ്പെടുത്തൽ. ബിഎസ്എൻഎൽ ജീവനക്കാരനായ താനുമായി ജോളിക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു എന്നാണ് ജോൺസൺ പറഞ്ഞത്.
കേസിൽ ഇരുപത്തിയൊന്നാം സാക്ഷിയായ ജോൺസന്റെ മൊഴി വാദിഭാഗം ആയുധമാക്കുമെന്ന് ഉറപ്പ്. കൂടത്തായി കൊലക്കേസുകളുടെ തുടർ അന്വേഷണവുമായി ബന്ധപ്പെട്ട് 2019-ഒക്ടോബർ നാലിനാണ് അന്വേഷണസംഘം കല്ലറ പൊളിക്കുന്നത്. ഇത് ജോളി മുൻകൂട്ടി കണ്ടിരുന്നു. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പാക്കിയ ജോളി, അവസാന ശ്രമമെന്നോണം ഒക്ടോബർ രണ്ടിന് ജോൺസണെ വിളിച്ച് വരുത്തി. കല്ലറ പൊളിക്കുന്നത് തടയാനാവുമോ എന്ന ജോളിയുടെ ചോദ്യത്തിന് ‘അതെന്തിനാ?’ എന്നായിരുന്നു ജോൺസൺ തിരിച്ച് ചോദിച്ചത്. അപ്പോഴാണ് കൊലപാതക പരമ്പരയുടെ മുഴുവൻ കഥയും ജോളി ജോൺസന് മുന്നിൽ തുറക്കുന്നത്.
Also Read:ഐക്യു നിയോ 8: ഉടൻ വിപണിയിലെത്തും, വിലയും സവിശേഷതയും അറിയാം
ബന്ധുക്കളുടെ മരണത്തിൽ തനിക്കുള്ള പങ്കിനെക്കുറിച്ചും കല്ലറപൊളിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചും ജോളി തന്നോട് വെളിപ്പെടുത്തുകയായിരുന്നു എന്നും ജോൺസൺ പറഞ്ഞു. റോയി തോമസിന്റെ അമ്മ അന്നമ്മ തോമസിനെ വിഷം നൽകിയും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയും താൻ കൊലപ്പെടുത്തിയതാണെന്ന ജോളിയുടെ കുറ്റസമ്മതം കേട്ട് ജോൺസൺ ഞെട്ടി. കല്ലറ പൊളിച്ച് അതിനുള്ളിലെ ശരീരഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചാൽ താൻ കുടുങ്ങുമെന്ന് ജോളി ഭയത്തോടെ തുറന്നു പറഞ്ഞു. കല്ലറ തുറക്കുന്നതിനുമുമ്പ് മൃതദേഹാവശിഷ്ടങ്ങൾ മാറ്റണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എങ്ങാനും പിടിക്കപ്പെട്ടാൽ കേസ് നടത്തണമെന്നാവശ്യപ്പെട്ട് സ്വർണാഭരണങ്ങളും പണവും ജോളി ഇയാളെ ഏൽപ്പിച്ചിരുന്നു. ഭാര്യ അറിയാതെ സ്വകാര്യമായി മറ്റൊരു നമ്പറിലാണ് താൻ ജോളിയുമായി സംസാരിച്ചിരുന്നതെന്നും ജോൺസൺ പറഞ്ഞു.
അതേസമയം, ജോൺസൻ്റെ ഈ വാദങ്ങൾ വിശ്വസനീയമല്ലെന്നാണ് ക്രോസ്‌വിസ്താരം നടത്തിയ അഭിഭാഷകൻ ഷഹീർസിങ് കോടതിയിൽ വ്യക്തമാക്കിയത്. ഇത്രയും വലിയൊരു സത്യാവസ്ഥ വെളിപ്പെടുത്താൻ മാത്രം ആഴത്തിലുള്ള ബന്ധം ജോൺസണുമായി ജോളിക്ക് ഇല്ലെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. എന്നാൽ, ജോളിയുമായി തനിക്കുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധമായിരുന്നു എന്നാണ് ജോൺസൺ പറയുന്നത്.
Post Your Comments