ന്യൂയോര്‍ക്ക്: ചുഴലിക്കാറ്റില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഭക്ഷണമോ വെള്ളമോ എന്തിന്, ശുദ്ധവായുപോലുമില്ലാതെ നായ്ക്കുട്ടി കഴിഞ്ഞത് ഒരുമാസക്കാലം. അമേരിക്കയില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട നായ്ക്കുട്ടിയെയാണ് ഒരുമാസത്തിന് ശേഷം ജീവനോടെ കണ്ടെത്തിയത്. ബഹാമസില്‍ നിന്നാണ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. 50 പേര്‍ ഈ ചുഴലിക്കാറ്റില്‍ മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് നായ്ക്കുട്ടിയെ കണ്ടെത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഈ പ്രദേശത്ത് ജീവനുണ്ടെന്ന് മനസിലാക്കിയത്.
ഏകദേശം അര മൈല്‍ ദൂരം ഇഴഞ്ഞുനീങ്ങി, ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ശുദ്ധവായു പോലും ലഭിക്കാത്ത, അടിഞ്ഞു കൂടിയ ഇലക്ട്രോണിക് സാധനങ്ങള്‍ക്കിടയിലാണ് ഒരുവയസ്സ് മാത്രമുള്ള നായ്ക്കുട്ടിയെ കണ്ടെത്തിയത്. ഇത് ഏറെ അത്ഭുകരമായ ഒരു സംഭവമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് ഈ നായ്ക്കുട്ടി. ഏറെനാളത്തെ പട്ടിണി മൂലം ക്ഷീണിച്ചിട്ടുണ്ടെങ്കിലും ഈ നായ്ക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തെളിവുകളോടെ ഉടമസ്ഥര്‍ എത്തിയാല്‍ നായ്ക്കുട്ടിയെ തിരിച്ചേല്‍പ്പിക്കാനാണ് തീരുമാനം. ആരും ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ മൃഗസ്‌നേഹികളുടെ സംഘടന ദത്തെടുക്കും. മറ്റൊരു നായയെയും സമാനമായ സാഹചര്യത്തില്‍ കണ്ടെത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും ചത്തിരുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട ഏകദേശം 150ഓളം വളര്‍ത്തുമൃഗങ്ങളെയാണ് രക്ഷപ്പെടുത്തിയത്.
Post Your Comments