KeralaLatest News

`എവരി ഡോഗ് ഹാസ് എ ഡേ’ ; വഴിയരികില്‍ നിന്ന് കിട്ടിയ നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി യുവാവ്

ഇടുക്കി: വഴിയരികില്‍ നിന്നും കിട്ടിയ നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങി യുവാവ്. ഇടുക്കി പെരിയകനാലിനു സമീപം വഴിയരികില്‍ തളര്‍ന്നു കിടന്ന നായ്ക്കുട്ടിയെ വിനോദയാത്രയ്ക്ക് ഇംഗ്ലണ്ടില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും എത്തിയ രണ്ട് സുഹൃത്തുക്കള്‍ കണ്ടതോടെയാണ് നായ്ക്കുട്ടിയുടെ ജീവിതത്തില്‍ ഭാഗ്യം തെളിഞ്ഞത്.

കൊച്ചിയില്‍ നിന്നു ബൈക്കില്‍ മൂന്നാറില്‍ എത്തിയ സുഹൃത്തുക്കളായ ഇംഗ്ലണ്ട് സ്വദേശി ലൂയി, ജര്‍മനി സ്വദേശിനി യുജിനിയ എന്നിവര്‍ ചിന്നക്കനാലിനു സമീപത്താണ് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാതെ നിലത്ത് ഇഴയുന്ന നായ്ക്കുട്ടിയെ കണ്ടത്. വണ്ടി തട്ടിയതാണെന്ന് കരുതി ഇവര്‍ ഇതിനെയും ഒപ്പം കൂട്ടി. പൂപ്പാറയില്‍ എത്തി മൃഗാശുപത്രി അന്വേഷിച്ച ഇരുവരും കുരുവിളാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മൃഗാശുപത്രിയില്‍ നായ്ക്കുട്ടിയെ എത്തിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ.ഗ്ലാഡി.എം.വെമ്പിള്ളി നായ്ക്കുട്ടിയെ പരിശോധിച്ചു. ഇതോടെ നായ്ക്കുട്ടിയെ വണ്ടി തട്ടിയതല്ല എന്ന് മനസ്സിലായി.

ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞതു കൊണ്ടാണ് നായ്ക്കുട്ടിക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്തതെന്നു തിരിച്ചറിഞ്ഞ ഡോ.ഗ്ലാഡി നായ്ക്കുട്ടിക്ക് മരുന്ന് കുത്തിവയ്ക്കുകയും ടോണിക് നല്‍കുകയും ചെയ്തു. ഇതോടെ നായ്ക്കുട്ടി ഉഷാറായി. ചിന്നക്കനാല്‍ മുതല്‍ കുരുവിളാസിറ്റി വരെ നെഞ്ചോടു ചേര്‍ത്തു കൊണ്ടുവന്ന നായ്ക്കുട്ടിയെ ഉപേക്ഷിച്ചു പോകാന്‍ പക്ഷെ ലൂയിക്കും യുജിനിയയ്ക്കും മനസ്സു വന്നില്ല. മിടുക്കനായ നായ്ക്കുട്ടിക്ക് അവര്‍ ടൈ എന്ന് പേരും ഇട്ടു. ഇതോടെയാണ് നായ്ക്കുട്ടിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്. മുംബൈയില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ടൈയെ ഇംഗ്ലണ്ടില്‍ ലൂയിയുടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button