മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതി കേസിൽ മുന്‍ മാനേജിങ് ഡയറക്ടർ പൊലീസ് പിടിയിൽ. മലയാളിയായ ജോയ് തോമസ് ആണ് അറസ്റ്റിലായത്. മുംബൈ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് വെള്ളിയാഴ്ച ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ജോയ് തോമസിനെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വക്താവ് വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താത്ത 21,049 വ്യാജ അക്കൗണ്ടുകള്‍ വഴി ഈ വായ്പയുടെ വിവരങ്ങള്‍ ബാങ്ക് ഓഡിറ്റര്‍മാരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു. എച്ച്.ഡി.ഐ.എല്ലിനു നല്‍കിയ 4335 കോടി രൂപയുടെ വായ്പ മൂന്നുവര്‍ഷമായി തിരിച്ചടവ് മുടങ്ങിയിട്ടും നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റാതിരുന്നതാണ് ആര്‍.ബി.ഐയുടെ നടപടികളിലേക്ക് നീങ്ങിയത്.
കമ്പനിയുടെ 3500 കോടി രൂപ വിലവരുന്ന ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്.ഡി.ഐ.എല്ലിന്റെ രണ്ടു ഡയറക്ടര്‍മാരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാകേഷ് കുമാര്‍ വാധാവന്‍, മാനേജിങ് ഡയറക്ടര്‍ സാരംഗ് വാധാവന്‍ എന്നിവരെയാണ് മുംബൈ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റുചെയ്തത്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജോയ് തോമസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments