KeralaLatest NewsNews

മാറിതാമസിക്കാന്‍ നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ല, അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശം പ്രതികരണം; പരാതിയുമായി മരട് ഫ്‌ളാറ്റുടമകള്‍

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് മാറിതാമസിക്കാനായി നല്‍കിയ ഫ്‌ലാറ്റുകളില്‍ ഒഴിവില്ലെന്ന ആരോപണവുമായി ഫ്‌ളാറ്റുടമകള്‍. ജില്ലാ ഭരണകൂടെ മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകളാണ് കണ്ടെത്തിയത്. ഫ്‌ളാറ്റുടമകള്‍ക്ക് ഇവ നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് താമസം മാറാമെന്നായിരുന്നു ജില്ലാഭരണകൂടം അറിയിച്ചിരുന്നത്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ അപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുമ്പോള്‍ പലതിലും ഒഴിവില്ല. വിളിച്ച് അന്വേഷിക്കുമ്പോള്‍ മോശം മറുപടിയാണ് ലഭിക്കുന്നതെന്നും ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നു.

വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്‌ളാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയത്. ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മാരിത്താമസിക്കേണ്ട അവസ്ഥയിലാണ് ഫ്‌ളാറ്റ് ഉടമകള്‍. തങ്ങള്‍ക്കുള്ള പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.

ഒക്ടോബര്‍ മൂന്നു വരെയാണ് ഫ്‌ളാറ്റുകള്‍ ഒഴിയാനായി ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.

അതേസമയം, എറണാകുളം സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനെതിരെ മരട് നഗരസഭാ അധ്യക്ഷയും കൗണ്‍സിലര്‍മാരും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ മരട് നഗരസഭയെ സ്‌നേഹില്‍ കുമാര്‍ അറിയിച്ചില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മരട് നഗരസഭയുടെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് പത്തരയോടെ ചേരും. ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സബ്കളക്ടര്‍ നേരിട്ടെത്തി വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button