എറണാകുളം : പിറവം പള്ളിത്തർക്കവുമായി ബന്ധപെട്ടു, പള്ളിക്കുള്ളിൽ നിന്നും മുഴുവൻ യാക്കോബായക്കാരെയും മാറ്റണമെന്നും, ഉത്തരവ് നടപ്പാക്കി അറിയിക്കണമെന്നും, കർശനമായി നിർദേശിച്ച് കൊണ്ട് കോടതി അനുവദിച്ച സമയ പരിധി കഴിഞ്ഞതോടെ പോലീസ് അറസ്റ്റ് നടപടിയിലേക്ക് പ്രവേശിച്ചു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വൈദികരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നു. ജില്ലാ കളക്ടറും, എസ്.പിയും പിറവത്ത് എത്തിയിട്ടുണ്ട്.
ഓർത്തഡോക്സ് വിഭാഗക്കാർ പള്ളിയ്ക്ക് പുറത്തു കാത്തു നിൽക്കുന്നു. വിശ്വാസികൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അറസ്റ്റ് ചെയ്തവരുമായി പൊതു പോലീസ് വാഹനം തടഞ്ഞതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതേസമയം പിറവം പള്ളിയിലുള്ളവരെ മുഴുവനായും ഒഴിപ്പിച്ച് പള്ളി കളക്ടർ ചുമതല ഏറ്റെടുക്കണമെന്നും, ഒഴിപ്പിക്കൽ നടപടി നാളെ രാവിലേയ്ക്കകം തീർത്ത് ഉച്ചക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. മുഴുവൻ യാക്കോബായക്കാരെയും മാറ്റണമെന്നും ഉത്തരവ് നടപ്പാക്കി 1:45നു അറിയിക്കണമെന്നും രാവിലെ കോടതി നിർദേശിച്ചതോടെയാണ് പോലീസ് നടപടികളിലേക്ക് നീങ്ങിയത്. വലിയ പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ട് പൊളിച്ച് മാറ്റിയാണ് പോലീസ് അകത്തേക്ക് പ്രവേശിച്ചത്.
Post Your Comments