കൊച്ചി :സീരിയല്‍ ഷൂട്ടിംഗിനെന്ന പേരില്‍ വീടെടുത്ത കള്ളനോട്ടടി സംഘത്തെ കുറിച്ച് സംശയം തോന്നിയത് സ്ഥലത്തെ പലചരക്ക് വ്യാപാരിക്കായിരുന്നു. ഒന്‍പതു മാസം മുമ്പാണ്
പിറവം ഇലഞ്ഞി പൈങ്കുറ്റിയില്‍ വീട് വാടകയ്‌ക്കെടുത്തത്. പിറവം മേഖലയില്‍ കള്ളനോട്ട് പ്രചരിക്കുന്നത് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കള്ളനോട്ട് ലഭിച്ച വിവരം ഇലഞ്ഞിയിലെ പലചരക്ക് വ്യാപാരി അറിയിച്ചതോടെ പ്രതികള്‍ തങ്ങിയ വിജനമായ പ്രദേശത്തെ വീട്ടിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഇന്റലിജന്‍സ് ബ്യൂറോ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്), പൊലീസ് എന്നിവയുടെ സംയുക്ത സംഘം വാടക വീട്ടില്‍ റെയ്ഡ് നടത്തിയത്. അഞ്ച് പേരെ വീട്ടില്‍ നിന്ന് പിടികൂടി. രക്ഷപ്പെട്ട മധുസൂദനനെയും തങ്കമുത്തുവിനെയും അങ്കമാലിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ സ്റ്റീഫന്‍ (31), ആനന്ദ് (24), ധനുഷ് ഭവനില്‍ തങ്കമുത്തു (60), കോട്ടയം കിളിരൂര്‍ നോര്‍ത്ത് ചെറുവള്ളിത്തറ വീട്ടില്‍ ഫൈസല്‍ (34), തൃശൂര്‍ പീച്ചി വഴയത്ത് വീട്ടില്‍ ജിബി (36), നെടുങ്കണ്ടം മൈനര്‍ കിഴക്കേതില്‍ വീട്ടില്‍ സുനില്‍കുമാര്‍ (40), റാന്നി കാവുങ്കല്‍ വീട്ടില്‍ മധുസൂദനന്‍ (48) എന്നിവരാണ് പിടിയിലായത്. ഇവരില്‍ ചിലര്‍ കള്ളനോട്ടടി കേസിലെ പ്രതികളാണ്.
7,57,000 രൂപയുടെ വ്യാജ 500 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. അഞ്ച് പ്രിന്ററുകള്‍, മഷി, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, സ്‌ക്രീന്‍ പ്രിന്റിംഗ് മെഷീന്‍, നോട്ടെണ്ണല്‍ യന്ത്രം, പേപ്പര്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളെ മൂവാറ്റുപുഴ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments