പ്രണയിനിയോട് വിവാഹഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്ത വഴി തേടി കനേഡിയന്‍ സ്വദേശി ജോണ്‍ നാവെല്ലി. കഴിഞ്ഞ ആറുവര്‍ഷമായി ജോണ്‍ നാവെല്ലിയും ഡാനിയേല്‍ ഡീജെ സ്‌ക്വയേഴ്സും ഒന്നിച്ചുതാമസം തുടങ്ങിയിട്ട്. ഇരുവര്‍ക്കും രണ്ടുകുട്ടികളുമുണ്ട്. എന്നാല്‍ ഇവര്‍ വിവാഹിതരായിരുന്നില്ല. സ്‌ക്വയേഴ്‌സ് ഇളയമകനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ തന്നെ നെവല്‍ പ്രേയസിക്കായി ഡയമണ്ട് എന്‍ഗേജ്മെന്റ് റിങ് വാങ്ങിയിരുന്നെങ്കിലും വിവാഹാഭ്യര്‍ഥനയ്ക്കായി അനുയോജ്യമായ സമയം കാത്തിരിക്കുകയായിരുന്നു നാവെല്ലി.
ആ സമയത്താണ് ഒരു കനേഡിയന്‍ വനിതയ്ക്ക് തന്റെ കളഞ്ഞുപോയ മോതിരം കാരറ്റ് തോട്ടത്തില്‍ നിന്നും ലഭിച്ച വാര്‍ത്ത അറിഞ്ഞത്. ഇതോടെ നാവെല്ലിന്റെ ചിന്ത ആ വഴിക്കായി. ഒരു കാരറ്റ് തോട്ടമൊരുക്കുക. അവിടെ വിത്തുകള്‍ പാകി കാരറ്റിനെ മോതിരത്തിനുള്ളില്‍ വളര്‍ത്തിയെടുക്കാന്‍ ഇദ്ദേഹം തീരുമാനിച്ചു.
വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആശയം. പക്ഷേ മോതിരത്തിനുളളില്‍ കാരറ്റ് വളര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് തനിക്കാണെന്ന് ഉറപ്പിച്ച നെവല്‍ തന്റെ പ്രയത്നവുമായി മുന്നോട്ട് പോവുകയായിരുന്നു.
ഒരു ബക്കറ്റ് നിറയെ മണ്ണുനിറച്ച് അതിന് ഒത്ത നടുവിലായി മോതിരം കുഴിച്ചിടുകയാണ് നെവല്‍ ആദ്യം ചെയ്തത്. പിന്നീട് ഒരു പെന്‍സില്‍ ഉപയോഗിച്ച് മോതിരത്തിന് നടുവിലൂടെ മണ്ണില്‍ ഒരു ചെറിയ തുളയിട്ടു. കാരറ്റ് അതിനുള്ളില്‍ തന്നെ വളരുമെന്ന് ഉറപ്പാക്കി. അതിന് മുകളിലായി വിത്തുകള്‍ പാകി. എന്നിട്ട് മൂന്നുമാസത്തോളം കാത്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച കാരറ്റ് വിളവെടുപ്പ് നടത്തി.
കാമുകി സ്‌ക്വയേഴ്സിനെയും രണ്ടു മക്കളെയും കൂട്ടിയായിരുന്നു വിളവെടുപ്പ്. താന്‍ പ്രതീക്ഷിച്ചതുപോലെ മോതിരത്തിനുള്ളില്‍ കാരറ്റ് വളരുമെന്ന യാതൊരു ഉറപ്പും നെവലിന് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ബക്കറ്റിന് നടുവിലുളള കാരറ്റ് ചെടി പറിച്ചെടുക്കാന്‍ നെവല്‍ സ്‌ക്വയറിനോട് ആവശ്യപ്പെടുകയായിരുന്നു. കാരറ്റ് പറിച്ചെടുത്ത സ്‌ക്വയേഴ്സ് ശരിക്കും അതിശയിച്ചുപോയി. ഉടനെ ജോണ്‍ ആ മോതിരം അടര്‍ത്തിയെടുത്ത് തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. കണ്ണുനിറഞ്ഞ സ്വകയേഴ്‌സ് സമ്മതമെന്ന് തലയാട്ടി. എന്തായാലും ഇരുവരുടേയും കഥ സോഷ്യല്‍മീഡിയയില്‍ വൈറലായി.
Post Your Comments