കണ്ണൂര്‍: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ സ്വകാര്യബസ് ഡ്രൈവറുടെ ക്രൂരത. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ചക്രങ്ങളില്‍ കുടുങ്ങാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പയ്യന്നൂര്‍ സ്വദേശി രവീന്ദ്രന് അപകടത്തില്‍ സാരമായ പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ മെയിന്‍ റോഡില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.
റോഡിന്റെ ഇടത് ഭാഗം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയില്‍ പുറകില്‍ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുയായിരുന്നു. ബസിന്റെ ടയറിനടിയില്‍ പെടാതെ അത്ഭുതകരമായാണ് രവീന്ദ്രന്‍ രക്ഷപ്പെട്ടത്. പക്ഷേ വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. രവീന്ദ്രന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം അപകട സ്ഥലത്ത് നിര്‍ത്താതെ ബസ് കടന്നു കളയുകയായിരുന്നു. നാട്ടുകാരാണ് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. സാജ് ലൈന്‍ എന്ന സ്വകാര്യ ബസാണ് നിര്‍ത്താതെ പാഞ്ഞു പോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സ്വമേധയാ കേസെടുത്ത പൊലീസ് ബസ് ഉടനെ പിടികൂടുമെന്നും അറിയിച്ചു.
Post Your Comments