ബെംഗളൂരു: ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കലിപൂണ്ട പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു. കര്‍ണാടകയിലെ എംഇഎസ്പിയു കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പാള്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ആര്‍ എം ഭട്ട് മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ക്ലാസ് മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിയിട്ടുണ്ട്. അനുവദനീയമല്ലാതിരുന്നിട്ടും ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കരുതെന്നും പിടിക്കപ്പെട്ടാല്‍ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുമെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവരികയും അധ്യാപകര്‍ പഠിപ്പിക്കുന്നതിനിടെ മൊബൈല്‍ വഴി പരസ്പരം സന്ദേശങ്ങള്‍ കൈമാറുകയായിരുന്നെന്നും കോളേജ് അധികൃതര്‍ പറയുന്നു.
ALSO READ: 74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവില്‍
ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ക്ലാസ് മുറികളില്‍ നടത്തിയ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് കോളേജിന്റെ ഹാളില്‍ എത്താന്‍ കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ മധ്യത്തില്‍ വെച്ച് തന്നെ മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.
Post Your Comments