കൊച്ചി: കോളേജിലെ പരിപാടിക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരണം അറിച്ചിരിക്കുന്നത്.
നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ചെങ്കിലും ജാസി ഗിഫ്റ്റ് വിശദമായൊരു മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.
‘കരിയറില്‍ തനിക്ക് ഇതുപോലൊരു അനുഭവം ഇതുവരെയും നേരിട്ടിട്ടില്ല. സജിന്‍ പാടാനായി തുടങ്ങിയതും പ്രിന്‍സിപ്പാള്‍ സ്റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ചുവാങ്ങി ഒരാള്‍ മാത്രം പാടിയാല്‍ മതിയെന്ന് പറയുകയുമായിരുന്നു. പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ച കാര്യം എന്താണെന്ന് അറിയില്ല.
ഇതൊരു പെയ്ഡ് പരിപാടിയാണ്. അതിനാല്‍, ഇത് ഇവിടെ അനുവദിക്കില്ലെന്നാണ് അവര്‍ മൈക്കിലൂടെ പറഞ്ഞത്. ഞാന്‍ എന്ന ഭാവത്തോടെയാണ് അവര്‍ പെരുമാറിയത്. ഗായകന്‍ എന്നതിലുപരി അവരെപ്പോലെ പഠിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ് ഞാനും. പരിപാടിയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പാട്ട് തുടങ്ങുന്നതിനു മുമ്പോ അല്ലെങ്കില്‍ പാടി കഴിഞ്ഞോ അവര്‍ക്ക് പറയാമായിരുന്നു. അല്ലാതെ ഒരാള്‍ പാടിക്കൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഏറ്റവും വലിയ തമാശ പാട്ട് പാടുന്നതിന്, പരിപാടിയില്‍ എന്നെ സ്വാഗതം ചെയ്തത് അവരായിരുന്നു.’- ജാസി ഗിഫ്റ്റ് പറഞ്ഞു.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടന്ന പരിപാടിക്കിടെയാണ് ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പല്‍ പിടിച്ചു വാങ്ങിയത്. ജാസി ഗിഫ്റ്റ് രണ്ടാമത്തെ ഗാനം പാടുന്നതിനിടയിലായിരുന്നു സംഭവം. ജാസിഗിഫ്റ്റിനൊപ്പം പാടാനായി എത്തിയതായിരുന്നു സജിന്‍ ജയരാജ്.
Post Your Comments