കൊല്‍ക്കത്ത: 31 കാരിയായ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു. കേസില്‍ കൊല്‍ക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്മെന്റ് മൂന്ന് ഡോക്ടര്‍മാരെയും ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫ് അംഗത്തെയും ചോദ്യം ചെയ്യും. ഒരു ഇന്റേണ്‍ ഡോക്ടര്‍, ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ രണ്ട് ട്രെയിനി ഡോക്ടര്‍മാര്‍, ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫ് അംഗം എന്നിവരെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ട്രെയിനി ഡോക്ടറുടെ അര്‍ദ്ധനഗ്‌നശരീരം കണ്ടെത്തിയ ഓഗസ്റ്റ് 9ന് രാത്രി ഡ്യൂട്ടിയിലായിരുന്ന നാലുപേര്‍ക്കും പൊലീസ് സമന്‍സ് അയച്ചിരുന്നു. ഇവരില്‍ ചിലര്‍ സംഭവത്തിന് മുമ്പ് ഇരയുമായി അത്താഴത്തിന് പോയിരുന്നു.
ട്രെയിനി ഡോക്ടറെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ശരീരത്തില്‍ മുറിവുകളോടെയാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകത്തിന് മുമ്പ് ഇവരെ ബലാത്സംഗം ചെയ്തതായി സ്ഥിരീകരിച്ചു . ഇതിനിടെ ശനിയാഴ്ച അറസ്റ്റിലായ പ്രതിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments