കൊച്ചി: എസ്ഐയ്ക്കു സിപിഎം നേതാവിന്റെ ഭീഷണിയും , എസ്ഐയുടെ മാസ് മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിറഞ്ഞ കൈയടിയോടെയാണ് ഒട്ടും വിട്ടുകൊടുക്കാതെ സംസാരിച്ച കളമശേരി എസ്ഐ അമൃത രംഗനെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ആണ് എസ്ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്. കൊച്ചിന് യൂണിവേഴ്സിറ്റി (കുസാറ്റ്) യിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനോട് എസ്ഐ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു ഭീഷണി.
എസ്എഫ്ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്കു മാറ്റുക മാത്രമാണു ചെയ്തതെന്ന് എസ്ഐ പറഞ്ഞിട്ടും സക്കീര്‍ ഹുസൈന് വഴങ്ങാന്‍ തയാറായില്ല. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നതു നന്നാവുമെന്നു സക്കീര്‍ ഹുസൈന് എസ്ഐയോടു പറയുന്നുണ്ട്.ഞാന്‍ നേരെ വാ, നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണ്. ഒരു പാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. കുട്ടികള്‍ തമ്മില്‍ തല്ലുന്നതു നോക്കി നില്‍ക്കാനാവില്ല. എനിക്കു കൊന്പില്ല, നിങ്ങള്‍ക്കു കൊന്പുണ്ടെങ്കില് ചെയ്യ്. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ടു നല്ല ധൈര്യമുണ്ട്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളെ കൊണ്ടിരുത്ത്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല. അങ്ങനെ പേടിച്ചു ജീവിക്കാന്‍ പറ്റില്ല- എസ്ഐ സക്കീര്‍ ഹുസൈനോടു പറഞ്ഞു. ഇതിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കുസാറ്റ് യൂണിയന് തെരഞ്ഞെടുപ്പിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ആഘോഷപ്രകടനം നടത്തിയിരുന്നു.
ഈസമയംതന്നെ ബിടെക് വിദ്യാര്‍ഥികളുടെ ഓണാഘോഷ പ്രകടനവും നടന്നു. ഇതിനിടയിലേക്കു കടന്നുകയറിയ ചിലര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചതോടെയാണു പോലീസ് ഇടപെട്ടത്. അതെ സമയം വിവാദ ഫോണ്‍ സംഭാഷത്തില്‍ പോലീസ് പരിശോധന തുടങ്ങി. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കളമശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയാണു സിപിഎം ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്.
Post Your Comments