ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഈ സെപ്റ്റംബര്‍ അഞ്ചിന് അവരുടെ തടവുജീവിതം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഭാഗകമായി പുഃനസ്ഥാപിച്ചിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളും നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളുടെ തടവ് ജീവിതത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിലെ ആഡംബര ഹോട്ടലായ സെന്‍തോയില്‍ 37 നേതാക്കളാണ് കഴിയുന്നത്. അതും വന്‍ സുരക്ഷാവലയത്തില്‍. ഈ ഹോട്ടലിലെ ജീവനക്കാരില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ആഡംബര ജീവിതമാണെങ്കിലും ഭക്ഷണ സമയത്തൊഴികെ നേതാക്കള്‍ പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനും വിലക്കുണ്ട്. 8.15ന് പ്രഭാത ഭക്ഷണം, ഒരു മണിക്ക് ഉച്ചഭക്ഷണം, 9ന് രാത്രി ഭക്ഷണം എന്നതാണു നേതാക്കള്‍ക്കു നിശ്ചയിച്ചിരിക്കുന്ന സമയം. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ നേതാക്കള്‍ പ്രത്യേകമായി ആവശ്യപ്പെടുന്ന ഭക്ഷണത്തിനു ഇവര്‍ കയ്യില്‍നിന്നു പണം നല്‍കണം. അത്തരം ആവശ്യങ്ങള്‍ക്കായി ഹോട്ടലില്‍ പ്രത്യേക എടിഎം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ALSO READ: മാറ്റത്തിന്റെ ചൂളംവിളി; കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി പുതിയ മെട്രോപാത
ഇതില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും ആഡംബരം കാണിക്കുന്നത് സജാദ് ലോണ്‍ ആണ്. തന്തൂരി ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സജാദ് ലോണ്‍ ദിവസവും 1000 രൂപയാണ് ഇതിവായി ചെലവഴിക്കുന്നത്. തടവിലുള്ളവരില്‍ ഒരാള്‍ എല്ലാവര്‍ക്കുമായി ഓര്‍ഡര്‍ ചെയ്ത ധാനിയ കുര്‍മയായിരുന്നു (മത്സ്യം കൊണ്ടുള്ള പ്രത്യേക വിഭവം) ഒരു ദിവസത്തെ സ്‌പെഷ്യല്‍ ഐറ്റം. ഭക്ഷണം വിളമ്പുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. അതിനാല്‍ രാഷ്ട്രീയ കാര്യങ്ങളും മറ്റും സംസാരിക്കാനാവില്ല. ഒരു ദിവസം വാക്‌പോരും ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിച്ചിരുന്നു. കശ്മീര്‍ താഴ്‌വരയുടെ ചുമതല വഹിച്ചിരുന്ന ഡപ്യൂട്ടി പൊലീസ് സുപ്രണ്ടിനെയാണ് ‘സെന്‍തോ ജയില്‍’ എന്ന പേര് ലഭിച്ച ഹോട്ടലിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മുന്‍ മന്ത്രി ഇമ്രാന്‍ റെസാ അന്‍സാരി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍, ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സജാദ് ലോണ്‍ തുടങ്ങിയവര്‍ക്കു പ്രത്യേക മുറികളുണ്ട്. ഇമ്രാന്‍ റെസാ അന്‍സാരി, അലി മുഹമ്മദ് സാഗര്‍ എന്നിവര്‍ക്കൊപ്പം അവരുടെ സഹായികളുമുണ്ട്.
രാഷ്ട്രീയ വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു മുന്‍ മുഖ്യമന്ത്രിമാരായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. ഭീകരവാദം മൂര്‍ധന്യാവസ്ഥയിലെത്തിയ കാലത്തു പീഡനകേന്ദ്രമെന്നു പേരു വീണ ഹരി നിവാസിലാണ് ഒമര്‍ അബ്ദുല്ലയെ പാര്‍പ്പിച്ചിരിക്കുന്നത്; മെഹബൂബ മുഫ്തി ഷാശ്‌മേ ഷാഹിയിലുള്ള കോസി കോട്ടേജിലും. കഴിഞ്ഞ ദിവസം ഇരുനേതാക്കള്‍ക്കും തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.
Post Your Comments