അസം: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അസമില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
അസമില്‍ നിലവിലെ താമസക്കാരായവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്‍ആര്‍സിയില്‍ (National Registry For Citizens) പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്തിമ പൗരത്വ രജിസ്റ്ററിലും തെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ തീരുമാനം.
ALSO READ: സാറാ കോഹന്‍ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ പ്രായം കൂടിയ ജൂതവംശജ
2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. നിരവധി ആത്മഹത്യകളും നടന്നു. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു.
ALSO READ: ‘ബാലേട്ടന്റെ” മക്കള്‍ ഡോക്ടറും എന്‍ജിനീയറും- ചിത്രങ്ങള്‍ വൈറലാവുന്നു
എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 100 ട്രൈബ്ര്യൂണലുകളാണ് പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് വ്യക്തമായ രേഖകള്‍ സഹിതം പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാം. ഇന്ന് മുതല്‍ 120 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്. രേഖകള്‍ പരിശോധിച്ച് ട്രൈബ്യൂണല്‍ അന്തിമ തീര്‍പ്പ് കല്‍പിക്കും. ട്രൈബ്യൂണലും എതിരായി വിധിച്ചാല്‍ ഇവര്‍ക്ക് ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Post Your Comments