കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ പാസായിരുന്നു. ജില്ലാ കളക്ടര്‍ ടി വി സുഭാഷിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയായിരുന്നു കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായത്.
മേയര്‍ ഇപി ലതയ്‌ക്കെതിരേ യുഡി.എഫ് നല്‍കിയ അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷ് പിന്തുണക്കുകയായിരുന്നു. നഗരസഭാ ഭരണം എല്‍ഡിഎഫിന്‍റെ പക്കല്‍ നിന്ന് പോയെങ്കിലും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത് പി കെ രാഗേഷടക്കമുള്ള ഭരണസമിതിക്കെതിരെയാണ്. മേയര്‍ക്ക് സ്ഥാനം നഷ്ടമായെങ്കില്‍ സ്വാഭാവികമായും പി കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എല്‍ഡിഎഫ് വാദിച്ചിരുന്നു. പി കെ രാഗേഷിന്‍റെ നിലപാട് വഞ്ചനയാണെന്ന് പറഞ്ഞ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അന്ന് തന്നെ, അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നതാണ്.പികെ രാഗേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്തതിനു പിന്നാലെയാണ് മേയര്‍ക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Post Your Comments