KeralaLatest News

ബൈക്കിന് എണ്ണ അടിച്ച പൈസയുണ്ടായിരുന്നെങ്കില്‍, റാലി നടത്തി ഷോ കാണിച്ച് ദുരിതാശ്വാസത്തിനെത്തിയ ഫുക്രുവിന് വ്യാപക വിമര്‍ശനം, ട്രോളോട് ട്രോള്‍

പ്രളയ ദുരിത ബാധിതരെ സഹായിക്കാനുള്ള വസ്തുക്കളുമായി ബൈക്ക് റാലി നടത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ ടിക്ക് ടോക് താരം ഫുക്രു എന്ന കൃഷ്ണജീവിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും ട്രോളും. ദുരിതാശ്വാസ സാമഗ്രികളുമായി ഫുക്രുവും കൂട്ടുകാരും നടത്തിയ ബൈക്ക് റാലി പോലീസ് തടയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ട്രോളര്‍മാര്‍ ഫുക്രുവിനെതിരെ തിരിഞ്ഞത്. റാലി തടഞ്ഞ പൊലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

ALSO READ: ഇനിയും പഠിക്കേണ്ട ദുരന്ത പാഠങ്ങൾ – മുരളി തുമ്മാരുകുടി എഴുതുന്നു

200 രൂപയുടെ ബിസ്ക്കറ്റുമായി 2,000 രൂപയുടെ എണ്ണയടിച്ചു ബൈക്കില്‍ പോയി എന്നൊക്കെയാണ് ട്രോളുകള്‍.

ഒരു പൊലീസുകാരന്‍ പറഞ്ഞ മണ്ടത്തരത്തിന്റെ പേരിലാണ് ട്രോളുകളെന്നും മൂന്ന് കിലോമീറ്റര്‍ മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രുവിന്റെ പ്രതികരണം. താന്‍ ചെയ്തത് എന്താണ് എന്നതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുണ്ട്. ട്രോളന്‍മാര്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയുന്ന ആളാക്കണമെന്നും ഫുക്രു ടിക് ടോക് ലൈവില്‍ പറഞ്ഞു.

ഫുക്രുവിന്റെ വാക്കുകളിലൂടെ…

‘പുതിയൊരു ട്രോള്‍ കണ്ടു. ഞാന്‍ കേരളത്തീന്ന് ഇവിടുന്നങ്ങ് വയനാട് വരെ റാലി നടത്തി എന്തോ സഹായിക്കാന്‍ പോയെന്ന്. ഇതാരാ പറഞ്ഞേ ഇവിടുന്ന് അങ്ങ് വരെ റാലി നടത്തിയെന്ന്. ഞാനെന്താ മണ്ടനാണോ? എന്റെകൂടെ വന്ന എഴുപത് പേര്‍ മണ്ടന്‍മാരാണോ? വെറും മൂന്ന് കിലോമീറ്ററാണ് ഞാന്‍ റാലി നടത്തിയത്. ഒരു പൊലീസുകാരന്‍ വന്ന് എന്തോ മണ്ടത്തരം പറഞ്ഞതിന്, അത് ഏറ്റുപിടിച്ച് കുറേപ്പേര് ട്രോളി നടക്കുന്നുണ്ട്. അവരുടെ പേരൊന്നും പറയുന്നില്ല. അവര്‍ക്ക് പബ്ലിസിറ്റിയാകും. പക്ഷെ ട്രോളുകാരന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കേരളം ഫുള്ള് എന്നെ അറിയിച്ചു. ഞാന്‍ ചെയ്തത് ആരേയും ബോധിപ്പിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ചെയ്തതിന്റെ കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലുമുണ്ട്. ട്രോളന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇന്ത്യ ഫുള്ളുമൊന്ന് എന്നെ അറിയിക്കണം. നിങ്ങള്‍ ട്രോളുന്നതിന്റെ താഴെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ കൂടെ ഇട്ടാല്‍ നന്നായിരിക്കും. അത് നിങ്ങള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button