തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന വ്യക്‌തിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. സമാന തസ്‌തികകളില്‍ പ്രവൃത്തിപരിചയമുള്ളവരെ പിന്തള്ളിയാണു കെ.എ. രതീഷ് അഭിമുഖത്തില്‍ ഒന്നാമമെത്തിയത്. വിജിലന്‍സ് ക്ലിയറന്‍സ് അനുകൂലമായാല്‍ നിയമനം നല്‍കും.3000 കോടി രൂപയുടെ വിറ്റുവരവുള്ള, 1000 കോടിയിലധികം രൂപയുടെ അഴിമതിയില്‍ അന്വേഷണം നടക്കുന്ന സ്‌ഥാപനമാണു കണ്‍സ്യൂമര്‍ഫെഡ്.
44 വിജിലന്‍സ് കേസുകളും നിലവിലുള്ള കുപ്രസിദ്ധ സ്‌ഥാപനത്തിന്റെ തലപ്പത്തേക്കാണ് അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്നയാളുടെ നിയമനത്തിനു കളമൊരുങ്ങിയത്. ഓണം വിപണിയിലേക്കു കോടികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനിരിക്കെയാണു നിയമനനീക്കം. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കെ നടത്തിയ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണു കെ.എ. രതീഷിനെതിരേ ഉയര്‍ന്നത്. വിവാദം അണയാതിരുന്നതോടെ ആ പദവിയില്‍നിന്ന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ പുറത്താക്കി.
പിന്നീടുവന്ന ഇടതു സര്‍ക്കാര്‍ അദ്ദേഹത്തെ എല്ലാ സ്‌ഥാനങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം താരതമ്യേന ചെറിയ സ്‌ഥാപനമായ കെ.ഐ.ഇ.ഡിയുടെ (കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമനം നല്‍കി.മുന്‍ സര്‍ക്കാരുകളുടെ കാലത്ത് 11 വര്‍ഷത്തോളം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായി പ്രവര്‍ത്തിച്ചയാളാണു കെ.എ. രതീഷ്. അക്കാലത്തു വിജിലന്‍സിന്റെ നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരേയുണ്ടായി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണു സി.ബി.ഐ. കേസെടുത്തത്. അതില്‍ അന്വേഷണം തുടരുകയാണ്.
വിജിലന്‍സിന്റെ കേസുകളില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെങ്കിലും അതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ഒരു മന്ത്രിസഭാംഗവുമായി വളരെ അടുപ്പം ആരോപിക്കപ്പെടുന്നയാളാണു രതീഷ്.നിലവില്‍ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായ ആര്‍. സുകേശന്‍ ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണു പകരം നിയമനത്തിനു നടപടി തുടങ്ങിയത്. ഇതിനായി കഴിഞ്ഞ ജൂണ്‍ 18-നു മാധ്യമങ്ങളില്‍ പരസ്യം നല്‍കി. 14 പേര്‍ അപേക്ഷ നല്‍കിയവരില്‍നിന്നു രതീഷടക്കം അഞ്ചു പേരെയാണ് അഭിമുഖത്തിനു തെരഞ്ഞെടുത്തത്. രതീഷ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിലും രാഷ്‌ട്രീയ സ്വാധീനം ആരോപിക്കപ്പെടുന്നുണ്ട്.
Post Your Comments