KeralaLatest News

വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്നത് ശക്തമായ നടപടികൾ – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണവിപണികൾക്ക് തുടക്കമായി

തിരുവനന്തപുരം : വിലക്കയറ്റം തടയാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം എൽ.എം.എസ് ഗ്രൗണ്ടിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിവിമുക്തമാക്കി കൺസ്യൂമർഫെഡിനെ ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിനായി. കുറ്റമറ്റ പർച്ചേസിംഗ് സംവിധാനമുൾപ്പെടെ ഏർപ്പെടുത്താനായി. 13 ഇനങ്ങളാണ് കൺസ്യൂമർഫെഡ് വിപണികളിൽ സബ്‌സിഡി നിരക്കിൽ പൊതുവിപണിയേക്കാൾ വിലക്കുറവിൽ വിൽക്കുന്നത്. ആഘോഷവേളകളിൽ വിഷമം കൂടാതെ സാധനങ്ങൾ വാങ്ങാൻ ഇത്തരം വിപണികൾ സഹായമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മേയർ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സഹകരണ വിപണിയിലെ ആദ്യവിൽപന മന്ത്രി കടകംപള്ളി സുരേന്ദ്രനും ത്രിവേണി ക്രിസ്മസ് കേക്ക് വിൽപനയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്തും നിർവഹിച്ചു. ചടങ്ങിൽ സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ്, നഗരസഭാ ആസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, അഡീ. രജിസ്ട്രാർ (കൺസ്യൂമർ) കെ.ആർ. ശശികുമാർ, ജോയിൻറ് രജിസ്ട്രാർ (ജനറൽ) എസ്. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു. കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ആർ. സുകേശൻ സ്വാഗതവും റീജിയണൽ മാനേജർ ടി.എസ്. സിന്ധു കൃതജ്ഞതയും പറഞ്ഞു. ജനുവരി ഒന്നുവരെയാണ് കേരളമുടനീളം 600 ഓളം സഹകരണവിപണികളാണ് പ്രവർത്തിക്കുക.

ക്രിസ്മസ്-പുതുവത്സര വിപണിയിൽ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില ചുവടെ. (പൊതു വിപണിയിലെ വില ബ്രാക്കറ്റിൽ): അരി ജയ- 25 രൂപ (35 രൂപ), അരി കുറുവ- 25 (33), കുത്തരി- 24 (35), പച്ചരി- 23 (28), പഞ്ചസാര- 22 (36.50), കേര വെളിച്ചെണ്ണ ഒരു ലിറ്റർ- 92 (205), ചെറുപയർ- 65 (78), കടല- 43 (70), ഉഴുന്ന്- 55 (70), വൻപയർ- 45 (65), തുവരപ്പരിപ്പ്- 62 (80), മുളക്- 75 (120), മല്ലി- 67 (85).

shortlink

Related Articles

Post Your Comments

Related Articles


Back to top button