തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. റിമാന്‍ഡിലുള്ള ശ്രീറാം ഇപ്പോള്‍ കിംസ് ആശുപത്രിയിലാണ്. സര്‍ക്കാര്‍ കിംസ് ആശുപത്രിക്ക് കത്ത് നല്‍കി. ഇതോടെ ഡിസ്ചാര്‍ജ് നടപടികള്‍ തുടങ്ങിയെന്നാണ് വിവരം.
ശ്രീറാമിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്ന് ഇന്നലെത്തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വെങ്കിട്ടരാമന്റെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങിയിരിക്കുകയായിരുന്നു പൊലീസ്. ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്ന ആശുപത്രി മുറിയില്‍ എസിയും, ടിവിയും തുടങ്ങി ഹൈ ഫൈ സംവിധാനങ്ങളാണ് ഉള്ളത്. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ രംഗത്തുള്ള തന്റെ സുഹൃത്തുക്കളായ മറ്റു ഡോക്ടര്‍മാരുടെ എല്ലാ സഹായവും ഈ അവസരത്തില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു.
റിമാന്‍ഡ് ചെയ്ത പ്രതികള്‍ക്ക് ചികിത്സ വേണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിക്കുക. എന്നാല്‍ ശ്രീറാമിന് വേണ്ടി പൊലീസും ഡോക്ടര്‍മാരും ഒത്തു കളിച്ചു. ആശുപത്രിയില്‍ തുടര്‍ന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ശ്രീറാമിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments