തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്. എസ്ഡിപിഐ പ്രവര്‍ത്തകനായ മുബീന്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലില്‍ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുബീന്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ ആക്രമിച്ചതാണ് നൗഷാദിന്റെ കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐയില്‍ നിന്ന് നിരവധി യുവാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതും നൗഷാദിനോടുള്ള വൈരാഗ്യം വര്‍ദ്ധിക്കാന്‍ കാരണമായി. കൊലപാതകം ആസൂത്രണം ചെയ്തത് എസ്ഡിപിഐ പ്രാദേശിക നേത്യത്വത്തിന്റെ അറിവോടെയായിരുന്നു എന്നും മുബീന്‍ വ്യക്തമാക്കി.
കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ പേരുകള്‍ മുബീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പൊലീസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാവക്കാട് പുന്ന സെന്ററില്‍ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദിനെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വെച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു.
Post Your Comments