കോട്ടയം: അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലയിലെ പ്രമുഖ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭകളിലെ അംഗങ്ങളും അല്‍മായവേദിയുടെ അധ്യക്ഷനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്നും അംഗത്വം സ്വീകരിച്ചു.എസ്‌എന്‍ഡിപി യോഗം എരുമേലി യൂണിയന്‍ സെക്രട്ടറിയും ശ്രീശ്രീ വില്ലേജ് സ്ഥാപകനുമായ ശ്രീപാദം ശ്രീകുമാറും കോട്ടയം താലൂക്കിലെ യൂത്ത് മൂവ്‌മെന്റിലെ ഭാരവാഹികളും ശ്രീധരന്‍പിള്ളയില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.
35 വര്‍ഷത്തെ കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ ബന്ധം അവസാനിപ്പിച്ചാണ് സി.എ. മുരളീധരന്‍ എന്ന ചുമട്ടുതൊഴിലാളി നേതാവും ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗത്വമെടുത്തത്. കോട്ടയം നഗരത്തിന്റെ പടിഞ്ഞാറു ഭാഗമായ മാന്താറ്റ്, തിരുവാര്‍പ്പ് എന്നിവടങ്ങളില്‍നിന്ന് ഇടതുബന്ധം അവസാനിപ്പിച്ച് മുപ്പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.
ഇത് കൂടാതെ ഓര്‍ത്തഡോക്‌സ് സഭാ മനേജിങ് കമ്മറ്റിയംഗം ജയിംസ് പുത്തന്‍പുരയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മനേജ്‌മെന്റ് ട്രസ്റ്റി സന്തോഷ് മൂലയില്‍, ഓര്‍ത്ത ഡോക്‌സ്‌സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായവേദി പ്രസിഡന്റ് കെ.വി എബ്ര ഹാം കൊടുവത്ത്, പി.കെ. റോയി, നിധിന്‍മാത്യു, ജേക്കബ് മണലന്‍, വി.വി. മാത്യു തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ പള്ളികളിലെ ട്രസ്റ്റിമാരും കമ്മറ്റിയംഗങ്ങളും തുടങ്ങി നൂറോളം പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
കോട്ടയം മുഖര്‍ജി ഭവനില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ജി. രാമന്‍നായര്‍, ബി. രാധാകൃഷ്ണമേനോന്‍, ലിജിന്‍ലാല്‍, എം.വി. ഉണ്ണികൃഷ്ണന്‍, സി.എന്‍. സുഭാഷ്, തോമസ്‌ജോണ്‍, നന്ദന്‍ നട്ടാശ്ശേരി ,ടി.ടി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments