തൃശ്ശൂർ: വനിതാ എം എൽ എയെ ജാതീയമായി അധിക്ഷേപിച്ചതിന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു. ഗീതാ ഗോപി എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്. തൃശൂരിലെ നാട്ടികയിൽനിന്നുള്ള സിപിഐയുടെ എംഎൽഎയാണ് ഗീത. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ നടപടിയിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും ഗീത ഗോപി അറിയിച്ചു. എംഎൽഎ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നു ചേർപ്പ് പോലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പ്രവർത്തകരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം നടത്തി എംഎൽഎ പോയതിനു ശേഷം എത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇവിടെ ചാണകവെള്ളം തളിച്ച് “ശുദ്ധിക്രിയ’ നടത്തുകയായിരുന്നു. ശുദ്ധിക്രിയ എന്ന പേരിൽ ചാണകവെള്ളം തളിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ ഗീതാ ഗോപി പോലീസിൽ പരാതി നൽകിയിരുന്നു.
Post Your Comments