തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തനിക്കും എസ്‌എഫ്‌ഐഐക്കുമെതിരേ ഉയര്‍ന്ന ആരോപങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്‌എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്‌എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍.
അക്കൂട്ടത്തില്‍ മാധ്യമ – മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌കര്‍ സിപിഎമ്മിനെയും അതിന്റെ നേതൃത്വത്തെയും വസ്തുതാവിരുദ്ധമായി കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്ബ് എകെജി സെന്ററില്‍ നിന്നിറങ്ങി യൂണിവേഴ്‌സിറ്റി കോളജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണന്‍ ‘താണ്ഡവമാടി’യതായി അദ്ദേഹം എഴുതി.
ആ കാലത്ത്, യൂണിവേഴ്‌സിറ്റി കോളജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഡ അജന്‍ഡയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ, മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.
യൂനിവേഴ്‌സിറ്റി കോളജിനുവേണ്ടി സമരംചെയ്ത വിദ്യാര്‍ഥികളെ ക്യാമ്ബസിനുള്ളില്‍ കയറി പോലിസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോള്‍ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലില്‍ ഞാനും ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു. വിദ്യാര്‍ഥികളെ പോലിസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ടും അത് തടയാതെ, ആ വിഷയത്തില്‍ ഇടപെടാതെ ഇരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പോലിസ് വേട്ടയ്‌ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് ‘താണ്ഡവ’മായി മാറുന്നത്? യൂണിവേഴ്‌സിറ്റി കോളജ് അടച്ചുപൂട്ടാന്‍ ഉമ്മന്‍ചാണ്ടി, ആന്റണി സര്‍ക്കാരുകള്‍ക്ക് കൂട്ടുനില്‍ക്കണമായിരുന്നു എന്നാണോ പറയുന്നത്?
”കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്‌എഫ്‌ഐ സ്വതന്ത്ര സംഘടനയല്ല, പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പോഷകസംഘടനയാണ്” എന്നാണ് ബി ആര്‍ പിയുടെ മറ്റൊരു നിഗമനം. എസ്‌എഫ്‌ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. സിപിഎമ്മിന്റെ പോഷകസംഘടനയല്ല എസ്‌എഫ്‌ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ട്ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജന സംഘടനകളാണ്.
വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് സിപിഎം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഎം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ്‌എഫ്‌ഐ നേതൃത്വം. ആ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്‌സിറ്റി കോളജിലെ പഴയ യൂണിറ്റ് ഭാരവാഹികള്‍ സ്വന്തം പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി ആര്‍ പി ഭാസ്‌കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഇത്തരം വ്യക്തികളുടെ നുണ പ്രചരണങ്ങള്‍ക്കുള്ള മറുപടി വിദ്യാര്‍ഥികള്‍ തന്നെ നല്‍കുന്നുണ്ട്. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്‌എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടി തന്നെയാണ്. എണ്ണം കൂടിയിട്ടേയുള്ളു, ഒട്ടും കുറഞ്ഞിട്ടില്ല.
Post Your Comments