ഷാര്‍ജ: ഷോപ്പിങിന് കൂടെ പോകാന്‍ തയ്യാറാകാതിരുന്നതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ ഷൂ കൊണ്ടടിച്ചെന്ന് പരാതി. ഷോപ്പിങിന് കൂടെ പോകാനോ പണം നല്‍കാനോ ഭര്‍ത്താവ് തയ്യാറാവാതെ വന്നതോടെ സഹികെട്ട യുവതി ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പിശുക്കനായ തന്റെ ഭര്‍ത്താവ് കുടുംബത്തിന് വേണ്ടി പണമൊന്നും ചിലവഴിക്കാറില്ലെന്നായിരുന്നു യുവതി കോടതിയെ അറിയിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ യുവതി നിഷേധിക്കുകയും ചെയ്തു.
യുഎഇയിലെ അല്‍ റോയ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ഒന്നിലേറെ തവണ യുവതി ഭര്‍ത്താവിനെ മര്‍ദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജോലിക്ക് പോയി തിരികെ വന്ന ഭര്‍ത്താവ് വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു ഏറ്റവും ഒടുവില്‍ മര്‍ദ്ദിച്ചത്. തനിക്കൊപ്പം ഷോപ്പിങിന് വരണമെന്നാവശ്യപ്പെട്ട് യുവതി ഭര്‍ത്താവിനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അത് നിരസിച്ചപ്പോള്‍ പഴ്‌സില്‍ നിന്ന് എടിഎം കാര്‍ഡ് എടുക്കുകയും പിന്‍ നമ്പര്‍ ചോദിക്കുകയുമായിരുന്നു. ഭര്‍ത്താവ് പിന്‍ നമ്പര്‍ പറഞ്ഞുകൊടുക്കാതെ വീണ്ടും ഉറങ്ങുന്നതിനിടെ യുവതി ഷൂ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തള്ളി നിലത്തിട്ടെന്നും പരാതിയില്‍ പറയുന്നു.
തങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും ഇതുവരെ തനിക്കോ രണ്ട് മക്കള്‍ക്കോ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവ് പണം ചിലവഴിച്ചിട്ടില്ലെന്നാണ് ഭാര്യയുടെ പരാതി. മാസം 15,000 ദിര്‍ഹത്തിലധികം ശമ്പളം ഭര്‍ത്താവ് വാങ്ങുന്നുണ്ടെന്നും എന്നാല്‍ അറുപിശുക്കനാണെന്നും യുവതി പറഞ്ഞു. അതേസമയം തന്നെ ഉപദ്രവിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. വാട്‌സ്ആപ് സന്ദേശം ഉള്‍പ്പെടെയുള്ളവയാണ് തെളിവുകളായി നല്‍കിയത്. കോടതി കേസ് ഓഗസ്റ്റ് 22ലേക്ക് കോടതി മാറ്റിവെച്ചു.
Post Your Comments