KeralaLatest News

ക്യാംപസ്: അക്രമം, രാഷ്ട്രീയം, നവോത്ഥാനം- മുരളി തുമ്മാരുകുടി എഴുതുന്നു

തിരുവനന്തപുരത്ത് കോളേജിലുണ്ടായ അക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു എന്ന വാർത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. ‘എസ് എഫ് ഐ കാന്പസല്ലേ, അവരത് ചെയ്യും’ എന്ന മുൻവിധി കൊണ്ടോ, ക്യാംപസ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് ഇതിനുകാരണം എന്ന തെറ്റിദ്ധാരണകൊണ്ടോ അല്ല. ഞാൻ ആദ്യമായി ക്യാന്പസ് ആക്രമണങ്ങൾ കാണുന്നത് ശാലേം സ്‌കൂളിലാണ്, അന്നവിടെ കെ എസ് യു ആണ് മുന്നിൽ. കോതമംഗലത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുന്പോൾ എല്ലാ സെമസ്റ്ററിലും അടിപിടി ഉറപ്പാണ്. പക്ഷെ അവിടെ ഒരു രാഷ്ട്രീയപ്പാർട്ടിയും ഇല്ല. അപ്പോൾ എസ് എഫ് ഐ ഇല്ലെങ്കിലും രാഷ്ട്രീയം ഇല്ലെങ്കിലും ക്യാംപസിൽ അടി നടക്കാം.

എന്തുകൊണ്ടാണ് നമ്മുടെ ക്യാംപസുകളിൽ അന്നും ഇന്നും അക്രമം നിലനിൽക്കുന്നത്? ഇതിന്റെ ഉത്തരം തേടേണ്ടത് രാഷ്ട്രീയത്തിലോ പ്രത്യയ ശാസ്ത്രത്തിലോ ഒന്നുമല്ല. അക്രമം എന്നത് നമ്മുടെ സമൂഹത്തിന്റെ അധികാരപ്രയോഗത്തിൻറെ അംഗീകരിക്കപ്പെട്ട ടൂൾ കിറ്റിൽ ഒന്നാണ്. കുട്ടികളെ തല്ലുന്ന അമ്മമാർ, ഭാര്യയെ തല്ലുന്ന ഭർത്താവ്, വിദ്യാർത്ഥിയെ തല്ലുന്ന അധ്യാപകർ, കള്ളന്മാരെ തല്ലുന്ന പോലീസ്, തടവുകാരെ തല്ലുന്ന ജയിലർമാർ, ഇവരിലൊന്നും യാതൊരു ജാതി, മത, വർഗ്ഗ, സാന്പത്തിക രാഷ്ട്രീയ ഭേദവും ഇല്ല. ഇങ്ങനെ അക്രമം കാലാകാലമായി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, ഓർമ്മ വെക്കുന്പോൾ മുതൽ അക്രമം അധികാരപ്രയോഗത്തിൻറെ ഉപാധിയായി കണ്ടുവളരുന്ന കുട്ടികൾ അവരുടെ അധികാരപരിധിക്കുള്ളിൽ അക്രമം പ്രയോഗിച്ചില്ലെങ്കിലാണ് നമ്മൾ അതിശയപ്പെടേണ്ടത്. അമ്മമാർ തൊട്ട് പോലീസുകാർ വരെ അധികാരത്തിന് അക്രമം പ്രയോഗിക്കുന്ന നാട്ടിൽ വിദ്യാർഥികൾ മാത്രം എല്ലാം ജനാധിപത്യപരമായി കൈകാര്യം ചെയ്യും എന്ന് ചിന്തിക്കുന്നത്, മറ്റു മൃഗങ്ങളെ കൊന്ന് തിന്നു ജീവിക്കുന്ന സിംഹങ്ങളുടെ കൂട്ടത്തിലുള്ള കുഞ്ഞുങ്ങൾ മാത്രം പുല്ലു തിന്ന് ജീവിക്കും എന്ന് ചിന്തിക്കുന്നത് പോലെ മൂഢത്വമാണ്. അക്രമം ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ സഹജ സ്വഭാവമാണ്.

എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതും മാറ്റിയെടുക്കേണ്ടതും ആണെങ്കിലും ക്യാംപസിലെ രാഷ്ട്രീയ അക്രമം മറ്റുള്ള അക്രമങ്ങളെക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. കാരണം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള വളർച്ചയിൽ ഒരു ‘ബാഡ്ജ് ഓഫ് ഓണർ’ ആണ് ക്യാംപസ് രാഷ്ട്രീയകാലത്ത് രണ്ടു തല്ലു കൊണ്ടിട്ടുണ്ട് എന്നത്. ഇതിന് രണ്ടു പ്രത്യാഘാതങ്ങളുണ്ട്. ഒന്ന് അക്രമത്തിൽ ഇടപെടുന്നവർ നേതൃത്വത്തിൽ എത്തുന്നു, രണ്ട് നേതൃത്വഗുണമുള്ളവരും എന്നാൽ അക്രമത്തിൽ പേടിയുള്ളവരും രാഷ്ട്രീയത്തിൽ നിന്നും മാറിപ്പോകുന്നു. നമ്മുടെ നാളത്തെ നേതൃത്വം ഇന്നത്തെ ക്യാംപസുകളിൽ വളരുകയാണല്ലോ. അപ്പോൾ ഈ നാച്ചുറൽ സെലക്ഷൻറെ പ്രത്യാഘാതം ചിന്തിച്ചു നോക്കിയാൽ മതി.

വാസ്തവത്തിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള സംഘടനകൾ തീർച്ചയായും ഇടപെടേണ്ട അനവധി വിഷയങ്ങൾ നമ്മുടെ മുന്നിലുണ്ട്. നാലു കാര്യങ്ങൾ മാത്രം ഇപ്പോൾ പറയാം.

1. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം വിദ്യാഭ്യാസ കാലത്തെ പ്രേമവുമായി ബന്ധപ്പെട്ട് ഒന്നിൽ കൂടുതൽ കൊലപാതകങ്ങൾ (പെട്രോൾ ഒഴിച്ച് കത്തിക്കൽ ഉൾപ്പടെ) കേരളത്തിൽ നടന്നു. എന്താണ് കൺസെന്റ് എന്നതിനെ പറ്റിയുള്ള അടിസ്ഥാനപരമായ അറിവുകുറവിൽ നിന്നാണ് ഈ കൊലപാതകങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ക്യാംപസുകളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒരു ദിവസം എങ്കിലും ‘നോ മീൻസ് നോ’ എന്ന വിഷയം തീം ആയെടുത്ത് ഒരു ബോധവൽക്കരണ കാന്പയിൻ നടത്തിയാൽ എത്ര മാറ്റമുണ്ടാകും ?

2. കേരളത്തിലെ കാന്പസുകളിൽ സ്ത്രീകൾക്കെതിരെ (വിദ്യാർത്ഥികളും, അധ്യാപകരും, അനദ്ധ്യാപകരും ഉൾപ്പെടെ) സെക്ഷ്വൽ ഹരാസ്സ്മെന്റ് സർവസാധാരണമാണെന്ന് പ്രൊഫസർ മീനാക്ഷി ഗോപിനാഥിന്റെ റിപ്പോർട്ടുണ്ട്. നവോത്ഥാനത്തെ പറ്റി ചിന്തിക്കുന്ന കാലത്ത് നമ്മുടെ പെൺകുട്ടികൾ കാന്പസിൽ പോലും സുരക്ഷിതരല്ല എന്നത് നമ്മളെ നാണിപ്പിക്കേണ്ടതാണ്. നമ്മുടെ എല്ലാ കോളേജിലും സെക്ഷ്വൽ ഹരാസ്‌മെന്റിനെതിരെ ശക്തമായ ഒരു മുന്നേറ്റം വേണ്ടതല്ലേ? ഈ ക്യാംപസ് സംസ്കാരമുള്ളതാണെന്നും സ്ത്രീ സൗഹൃദമാണെന്നും പറയാൻ നമ്മുടെ വിദ്യാർത്ഥി സംഘടനകൾ വിചാരിച്ചാൽ പറ്റില്ലേ?

3. വിപ്ലവകരമായ നിർദ്ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നത്. കരട് നയം നടപ്പിലാക്കിയാൽ പത്തു വർഷത്തിനകം കേരളത്തിൽ അഫിലിയേറ്റഡ് കോളേജുകൾ ഇല്ലാതാകും, ഡിഗ്രി കൊടുക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയെങ്കിലും ആകും, ആരോഗ്യ സർവ്വകലാശാല മുതൽ കൃഷി സർവ്വകലാശാല വരെ പൊളിച്ചടുക്കി ലിബറൽ ആർട്ട്സ് സർവ്വകലാശാലകൾ വരും. സ്വകാര്യ സർവ്വകലാശാലകൾ സർവത്രികമാകും. എന്ത് അവസരങ്ങളും വെല്ലുവിളികളുമാണ് ഈ പുതിയ നയം കേരളത്തിൽ എത്തിക്കുന്നത്? ഇതൊക്കെ വിദ്യാർഥികൾ ചിന്തിക്കേണ്ടേ? ചർച്ച ചെയ്യേണ്ടേ?

4. യൂറോപ്പിൽ എന്പാടും ഹരിത രാഷ്ട്രീയം തിരിച്ചു വരികയാണ്. ഇതിന് തുടക്കമിട്ടത് ഒരു സ്‌കൂൾ കുട്ടിയാണ്, സ്വീഡൻകാരിയായ ഗ്രെറ്റ തുൻബർഗ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ അവർ തുടങ്ങിയ ഒറ്റയാൾ പോരാട്ടം ലോകത്തെന്പാടുമുള്ള വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തിരിക്കയാണ്. എന്നാണ് കേരളത്തിലെ ഒരു വിദ്യാർത്ഥി പ്രസ്ഥാനം കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഒരു പ്രതീകാത്മക സമരമെങ്കിലും ചെയ്യുന്നത് കാണാൻ നമുക്കവസരം ഉണ്ടാകുന്നത്?

നമ്മുടെ വിദ്യാർഥികൾ നമ്മുടെ ഭാവിയാണ്. ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ സർക്കാർ നേതൃത്വത്തിൽ ഒരു ലീഡർഷിപ്പ് അക്കാദമി നമുക്ക് ഉണ്ടാക്കണം. ക്യാംപസ് പിടിച്ചെടുക്കലും അടിച്ചമർത്തലും ഒന്നുമല്ല ക്യാംപസ് രാഷ്ട്രീയം എന്ന് കുട്ടികളെ മനസ്സിലാക്കണം. കൃത്രിമ ബുദ്ധി ജോലികൾ ഇല്ലാതാക്കുന്നു, കാലാവസ്ഥ വ്യതിയാനം നമുക്ക് പിടിച്ചാൽ കിട്ടാത്ത സ്ഥിതിയിലേക്ക് പരിസ്ഥിതിയെ മാറ്റുന്നു, ലിംഗ സമത്വം എന്നത് സർവ്വലൗകികമാകുന്നു, ജനാധിപത്യത്തിന്റെ വസന്തകാലം കഴിയുന്നതു പോലെ തോന്നുന്നു. നാളത്തെ ലോകത്തിന് വേണ്ടി നമ്മുടെ യുവനേതാക്കളെ തയ്യാറെടുപ്പിക്കണം, ഇല്ലെങ്കിൽ അവതാളത്തിലാകുന്നത് അവരുടെ ഭാവി മാത്രമല്ല, നമ്മുടെ സുരക്ഷയും കൂടിയാണ്.

മുരളി തുമ്മാരുകുടി

ജനീവ, ജൂലൈ 13

shortlink

Related Articles

Post Your Comments

Related Articles


Back to top button