നടി ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ദുബായില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആരാധകര്‍ക്ക് ഇന്നും അവിശ്വസനീയമായി തുടരുന്ന ഈ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.
എന്നാലിപ്പോള്‍ ഈ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ശ്രീദേവിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്റെ സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍. ശ്രീദേവിയുടേത് അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിങ് തന്റെ ലേഖനത്തില്‍ പറയുന്നു.
‘പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’. ഋഷിരാജ് സിംഗിന്റെ ലേഖനത്തില്‍ പറയുന്നു.
ശ്രീദേവിയുടെ മരണസമയത്ത് തന്നെ അത് കൊലപാതകമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്ന് പ്രതിസ്ഥാനത്ത് നിന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായിരുന്ന ബോണി കപൂറായിരുന്നു. പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
Post Your Comments