തിരുവനന്തപുരം : കേരള നിയമസഭാ നടപടിക്രമങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇനി ‘സഭാ ടിവി’. ആദ്യഘട്ടമായി വിവിധ ചാനലുകളില്‍ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം. വിജയകരമായാല്‍ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു രാജ്യസഭാ, ലോക്‌സഭാ ടിവി മാതൃക കേരളത്തിലും പിന്തുടര്‍ന്നേക്കാം. നിയമസഭയുടെ ഗൗരവപൂര്‍ണവും ക്രിയാത്മകവുമായ വശങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മാധ്യങ്ങളോട് പറഞ്ഞു.
വിനോദ പരിപാടികളുടെ മുഖ്യോപാധിയായി നിയമസഭാ ചര്‍ച്ചകള്‍ മാറുന്ന സ്ഥിതി കൂടി കണക്കിലെടുത്താണ് ഈ ഉദ്യമമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ‘സഭാ ടിവി’ എന്നാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്ന പേര് എന്നും പറഞ്ഞു. നിലവില്‍ രാവിലെ 9 മുതല്‍ 10 വരെയുള്ള ചോദ്യോത്തരവേള തല്‍സമയം സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ക്ക് അനുവാദമുണ്ട്. മറ്റു സെഷനുകളില്‍ ചാനലുകള്‍ക്കു പ്രവേശനമില്ല. ‘സഭാ ടിവി’ക്കായി എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന ഉപദേശകസമിതി രൂപീകരിച്ചു.
ആഴ്ചയില്‍ 2 മണിക്കൂര്‍ പരിപാടിയാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ചാനലുകളില്‍ നിന്നു താല്‍പര്യപത്രം ക്ഷണിച്ചു. സഭ നടക്കുന്ന കാലയളവിലേക്കു മാത്രം ‘സഭാ ടിവി’ പരിമിതപ്പെടുത്തില്ല. നിയമസഭയുടെ ചരിത്രം, സഭ പാസാക്കിയ നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന പരിപാടികളും ഉണ്ടാകും.
Post Your Comments