Latest NewsMollywoodEntertainment

ഓർമ്മയിൽ ലോഹി…. ജീവിതഗന്ധിയായ കഥാകാരൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പത്തുവർഷം

തിരുവനന്തപുരം: ജീവിതഗന്ധിയായ കഥകളുടെ സൃഷ്ട്ടാവ് ലോഹിതദാസ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പത്തുവർഷം പൂർത്തിയാകുന്നു. പച്ചയായ കഥാപാത്രസൃഷ്ടികൊണ്ട് എന്നും മലയാളികളെ അത്ഭുതപ്പെടുത്തിയ കലാകാരനായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ.ലോഹിതദാസ്.

മലയാള സിനിമയിൽ എഴുത്തിലെ സർഗാത്മകതയുടെ ശക്തി കൊണ്ട് നിറഞ്ഞുനിന്ന തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ.ലോഹിതദാസ്, കഥകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ വേരുറപ്പിച്ച അതുല്യ പ്രതിഭയായിരുന്നു.

തനിയാവർത്തനത്തിലെ ബാലൻ മാഷ്, കിരീടത്തിലെ സേതുമാധവൻ, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, അമരത്തിലെ അച്ചൂട്ടി. ജീവിതം എന്ന വലിയ സമസ്യയെ നേരിടാൻ സകലതും വെച്ച് അങ്കം വെട്ടുന്ന പച്ചമനുഷ്യർ. അവരുടെ ചിരിയും കരച്ചിലും വിദ്വേഷവും വെറുപ്പും എല്ലാം ലോഹിയുടെ തൂലികയിലൂടെ കഥാപാത്രങ്ങളുടെ മുഖമുദ്രയായി. ജീവിതത്തിൽ തോറ്റുപോയ മനുഷ്യരായിരുന്നു ലോഹിതദാസിന്റെ സിനിമകളിലെ നായകൻമാർ.

സിബി മലയിൽ ലോഹിതദാസ് ടീമും പിന്നീട് സത്യൻ അന്തിക്കാട്‌ ലോഹിതദാസ് ടീമും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സ്വയം സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോൾ ദേശീയ പുരസ്‌കാരമടക്കം ലോഹിയെ തേടിയെത്തി. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂൺ 28ന് തന്റെ അമ്പത്തിനാലാമത്തെ വയസിൽ ജീവിതത്തോട് വിട പറഞ്ഞപ്പോൾ, അകാലത്തിൽ പൊലിഞ്ഞ ആ പ്രതിഭ മലയാളിയുടെ ഹൃദയത്തിൽ വീഴ്ത്തിയത് ആഴത്തിലുള്ള മുറിവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button