
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സിനിമ വിശേഷത്തോടൊപ്പം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സത്യൻ അന്തിക്കാട് പങ്കുവെച്ച ഒരു ഓർമ്മയാണ് ശ്രദ്ധേയമാകുന്നത്.
‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു, ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്. എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്. അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു”. ശരിയാണ് നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്’. സത്യൻ അന്തിക്കാട് കുറിച്ചു.
Post Your Comments