ചെങ്ങന്നൂര്‍ ; സ്വാഭാവിക മരണമെന്ന് പൊലീസ് കരുതിയ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരന്റെ മരണമാണ് കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി അറസ്റ്റിലായി. കടത്തിണ്ണയില്‍ ഉറങ്ങിയ സഹോദരന് ശ്വാസംമുട്ടല്‍ ഉണ്ടായെന്നു പറഞ്ഞ് മൃതദേഹവുമായി ആശുപത്രിയില്‍ എത്തുകയായിരുന്നു. മൃതദേഹവുമായി സഹോദരിയും ഭര്‍ത്താവും മകളും ഓച്ചിറയ്ക്കു സമീപം ക്ലാപ്പനയില്‍ നിന്നു സ്‌കൂട്ടറില്‍ 33 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്ങന്നൂരില്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു. ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്പര്‍ 55ല്‍ മൈക്കിള്‍രാജ് (പുളി-21) ആണു തിങ്കളാഴ്ച മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു സഹോദരി കസ്തൂരിയെ (മുരുകമ്മാള്‍-38 ) പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ വെള്ളദുരൈ (മാസനന്‍-51) ഒളിവിലാണ്. ഭിന്നശേഷിക്കാരനായ മൈക്കിള്‍ തങ്ങള്‍ക്കു ബാധ്യതയാകുമെന്നു കരുതി ഒഴിവാക്കാനാണു കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
മാനസികവെല്ലുവിളിയുള്ള സഹോദരന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കസ്തൂരി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കസ്തൂരിയും മകളും ചേര്‍ന്നാണു മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ കൊണ്ടുവരുമ്പോള്‍ റോഡിലുരഞ്ഞ് മൈക്കിളിന്റെ ഇടതു കാലിലെ 3 വിരലുകള്‍ നഷ്ടപ്പെട്ടിരുന്നു.
Post Your Comments