ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലുണ്ടായ ഞെട്ടിലില്‍ നിന്നും മാറാന്‍ ഇതുവരെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. കൂടാതെ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
അതേസമയം അപകടത്തിനു കാരണക്കാരനായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് വിധിക്കണമെന്നും ഇയാള്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നല്‍കുകയും വേണമെന്ന് പ്രോസിക്യൂട്ടര്‍ സലാഹ് ബു ഫറൂഷ അല്‍ പെലാസി കോടതിയില്‍ ആവശ്യപ്പെട്ടു. ദുബായ് ട്രാഫിക് കോടതിയില്‍ കേസിന്റെ വിചാരണ നടന്നു വരികയാണ്.
അപകടത്തിനു ശേഷം കേസിനായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ തങ്ങളുടം ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ വിനിയോഗിച്ചു കഴിഞ്ഞു. തന്റെ ഭര്‍ത്താവിനെ ആശ്രയിച്ചാണ് താന്‍ കഴിഞ്ഞിരുന്നതെന്നും എന്നാല്‍ അപടത്തില്‍ ഭര്‍ത്താവ് വിക്രം താക്കൂറും ബന്ധു റോഷ്‌നി മൂല്‍ചന്ദാനിയും കൊല്ലപ്പെട്ടതോടെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും വിക്രമിന്റെ ഭാര്യ മനീഷ താക്കൂര്‍ പറഞ്ഞു. ഫ്‌ളാറ്റിന്റെ വാടക താങ്ങാനാവാത്തതിനാല്‍ വീടുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നേരിടുന്നത്. അപകടത്തില്‍ പല സുപ്രധാന രേഖകളും നഷ്ടമായതും മുന്നോട്ടുള്ള നടപടികള്‍ പൂര്‍ത്തികാരിക്കാന്‍ വെല്ലുവിളി ആവുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അല്‍ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ഏഴ് മലയാളികളുള്‍പ്പെടെ 17 പേരുടെ മരണപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. ഡ്രൈവറുടെ അമിത വേഗവും സൂചന ബോര്‍ഡ് പിന്തുടരാതെ വാഹനം ഓടിച്ചതുമായിരുന്നു അപകട കാരണം. തുടര്‍ന്ന് ഒമാന്‍ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയില്‍ ഹാജരാക്കി.
Post Your Comments