തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. എംബിബിഎസ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്ന് ഇറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈ വര്‍ഷത്തെ ഫീസ് നിശ്ചയിക്കാതെ പ്രവേശന നടപടികള്‍ തുടങ്ങാനാവില്ലെന്ന നിലപാട് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതാണ് തടസ്സത്തിനു കാരണം.
അല്ലെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് മാത്രമായി പ്രവേശന നടപടികള്‍ തുടങ്ങേണ്ടി വരും. പ്രശ്‌നത്തിനു പരിഹാരം കാണേണ്ടത് ആരോഗ്യ വകുപ്പാണെങ്കിലും അതിനുള്ള കാര്യമായ ശ്രമങ്ങളൊന്നുമില്ല. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താനും ഇതേവരെ തീരുമാനിച്ചിട്ടില്ല. പ്രവേശനം എങ്ങനെ നടത്തണമെന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് ഓപ്ഷന്‍ സ്വീകരിക്കാനാവൂ. എന്‍ജിനിയറിങ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്‌മെന്റ് നടപടികളും ഇതിനൊപ്പം ഇന്നു തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇന്നു തന്നെ നടക്കുമോയെന്ന് ഉറപ്പില്ല. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ രണ്ട് അസോസിയേഷനുകളും ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ ഇന്ന് വിജ്ഞാപനം ഇറക്കി ഓപ്ഷന്‍ റജിസ്‌ട്രേഷനിലേക്ക് കടക്കാനുള്ള മുന്‍ തീരുമാനം അവതാളത്തിലായി. കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ ഫീസ് കോടതി റദ്ദാക്കിയെങ്കിലും ഇതേവരെ പുതുക്കി നിശ്ചയിച്ചിട്ടില്ല.
ഈ വര്‍ഷത്തെ ഫീസും എത്രയെന്നു നിശ്ചയമില്ല. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി പിന്നീടു നിശ്ചയിക്കുന്ന ഫീസ് നല്‍കാമെന്നു വിദ്യാര്‍ഥികളില്‍ നിന്നു സത്യവാങ്മൂലം വാങ്ങി പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലും അത് സാധിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. അവരുടെ സഹകരണമില്ലാതെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്താനാവില്ല.
Post Your Comments