ഈ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടികയായി. അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഇന്ന് മുതല്‍ 12ാം തിയതി വരെ ഫീസ് അടക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുമ്പായി പ്രവേശനം നേടണം. അതേസമയം മെഡിക്കല്‍ പ്രവേശനത്തിലും മറ്റും വിദ്യാര്‍ഥിക്ക് ദോഷകരമായ തീരുമാനങ്ങള്‍ അതതു വിദ്യാര്‍ഥിയെ രജിസ്റ്റേഡ് കത്തിലൂടെ അറിയിക്കണമെന്ന് ഹൈക്കോടതി. വിവരം കോളേജിനെമാത്രം അറിയിച്ചാല്‍പ്പോരെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് വി.ജി. അരുണുമുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വിലയിരുത്തുകയുണ്ടായി.
പ്രവേശന മേല്‍നോട്ടസമിതിയുടെ തീരുമാനപ്രകാരം പ്രവേശനപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് താനറിഞ്ഞില്ലെന്ന വിദ്യാര്‍ഥിനിയുടെ ആക്ഷേപം വിലയിരുത്തിയാണ് ഈ നിര്‍ദേശം. സംഭവം അറിയാത്തതിനാല്‍ നിര്‍ദിഷ്ട സമയത്ത് കോടതിയെ സമീപിക്കാനായില്ലെന്നും ബോധിപ്പിച്ചു. ഹര്‍ജിക്കാരിയുടെ പ്രവേശനത്തിന് അംഗീകാരം നിരസിച്ച് പ്രവേശന മേല്‍നോട്ടസമിതി തയ്യാറാക്കിയ പട്ടികയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, മേലില്‍ ഇത്തരം പരാതികളുണ്ടാകാതിരിക്കാനുള്ള പൊതുനിര്‍ദേശങ്ങളാണ് കോടതി നല്‍കിയിട്ടുള്ളത്. പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനമായാലും സമിതിയുടെ ശുപാര്‍ശപ്രകാരം സര്‍ക്കാരിന്റെ തീര്‍പ്പായാലും അത് ബാധിക്കുന്ന വിദ്യാര്‍ഥിയെ രജിസ്റ്റേഡ് തപാലില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. ഈ ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കു നല്‍കാനും നിര്‍ദേശിച്ചിരുന്നു.
Post Your Comments