പിണറായി: പെട്രോള്‍ പമ്പിലെ ക്ലോസറ്റില്‍ വീണ ഫോണ്‍ തിരിച്ചെടുക്കാന്‍ പഠിച്ച പണി പലതും പയറ്റി യുവാവ്. ഒടുവില്‍ തിരിച്ചെടുക്കാനാകാതെ യുവാവിന് മടങ്ങേണ്ടി വന്നു. കഴിഞ്ഞദിവസം പിണറായിലെ പെട്രോള്‍ പമ്പിലാണു സംഭവം. ഖത്തറില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഫോണാണു നഷ്ടപ്പെട്ടത്.
ക്ലോസറ്റില്‍ വീണ ഫോണ്‍ എടുക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫോണ്‍ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്നു പമ്പിലുള്ളവര്‍ പറഞ്ഞുവെങ്കിലും ഫോണിനു പുറകില്‍ രണ്ടു സ്വര്‍ണ നാണയമുണ്ടെന്നാണ് യുവാവ് പറഞ്ഞത്. മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ ടാങ്കിലേക്കു പോയിട്ടുണ്ടാകുമെന്നു പറഞ്ഞതോടെ ഇത് എടുത്തേ തീരൂ എന്നായി യുവാവ്. മണ്ണുമാന്തി കൊണ്ടുവരാമെന്നും ടാങ്ക് വൃത്തിയാക്കണമെന്നും ഇവര്‍ പറഞ്ഞു. ഇതിന് 20000 രൂപ ചെലവാകുമെന്നു പറഞ്ഞപ്പോള്‍ യുവാവ് അതിനും തയാറായി. സംശയം തോന്നിയതോടെ പമ്പിലുള്ളവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഒടുവില്‍ പോലീസെത്തി. പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകളും മെമ്മറി കാര്‍ഡും തിരിച്ചുകിട്ടാനാണു ശ്രമിക്കുന്നതെന്നായിരുന്നു പൊലീസിനോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ മടങ്ങിയെങ്കിലും താമരശ്ശേരിയില്‍ നിന്നു ടൈല്‍സ് പണിക്കാരുമായി വൈകിട്ടോടെ ഇയാള്‍ വീണ്ടുമെത്തുകയും ടൈല്‍സും ക്ലോസറ്റും പൊട്ടിച്ചു ഫോണ്‍ എടുക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയതോടെ ഇവര്‍ വീണ്ടും പണിനിര്‍ത്തുകയും പൊളിച്ചത് നന്നാക്കി കൊടുക്കുകയും ചെയ്തു.
Post Your Comments