ആലപ്പുഴ : നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ അമൃത് നഗരം പദ്ധതി വേണ്ടവിധം നടപ്പാക്കാതെ ആലപ്പുഴയിൽ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ . ആലപ്പുഴ നഗര സഭ പാർട്ടി നേതാക്കളുടെയും കൗൺസിലർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത് നഗരം പദ്ധതി അട്ടിമറിക്കുകയും റോഡ് കയ്യേറ്റങ്ങൾക്കു കൂട്ടുനിൽക്കുകയും ആണ് ആലപ്പുഴ നഗര സഭ. ഇതിന് ഇടതുമുന്നണിയുടെ പരോക്ഷ പിന്തുണയുമുണ്ട്. അമൃത് പദ്ധതിയിൽപ്പെടുത്തി നെഹ്രുട്രോഫിയിലെ പാലം നിർമ്മിക്കാനുള്ള തീരുമാനം ഇവർ അട്ടിമറിക്കുകയാണ്.
ഒറ്റപെട്ടുകിടക്കുന്ന നെഹ്രുട്രോഫി വാർഡിലുള്ളവരുടെ ചിരകാല അഭിലാഷമാണ് ഒരു ആംബുലൻസ് എങ്കിലും കടന്നു പോകത്തക്ക രീതിയിലുള്ള പാലം നിർമ്മിക്കുക എന്നുള്ളത്. അമൃത് പദ്ധതിയിൽപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ പ്രവർത്തനങ്ങൾ നഗരത്തിൽ നടക്കുന്നുണ്ട്. ഇഷ്ടക്കാരുടെ വാർഡിലേക്ക് പദ്ധതികൾ നൽകി അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളാണ് നഗരത്തിൽ നടക്കുന്നതിൽ ഏറെയും. റോഡ് കയ്യേറ്റങ്ങൾക്കും ഇവർ കൂട്ട് നിൽക്കുന്നു. ഇതിനെതിരെ ബി.ജെ.പി. ശക്തമായ സമരത്തിന് തുടക്കം കുറിക്കും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭാരവാഹികളായ കൊട്ടാരം ഉണ്ണികൃഷ്ണൻ, ഗീതാ രാംദാസ് , എൽ.പി. ജയചന്ദ്രൻ, ഡി.പ്രദീപ്, ആർ.ഉണ്ണികൃഷ്ണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വി. ശ്രീജിത്ത്, കൗൺസിലർമാരായ ആർ. ഹരി, റാണി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Post Your Comments