Latest NewsKerala

ഏറെ നാളത്തെ വാഗ്വാദങ്ങള്‍ക്കു ശേഷം കേരള കോണ്‍ഗ്രസ് പിളര്‍ന്നു : പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ചു

കോട്ടയം : ഏറെ നാളത്തെ വാഗ്വാഗങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. പുതിയ ചെയര്‍മാനായി ജോസ്.കെ.മാണി എം.പിയെ തെരഞ്ഞെടുത്തു.
ജോസ് കെ. മാണി വിഭാഗം വിളിച്ചുചേര്‍ത്ത കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി യോഗമാണ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയില്‍ നിലവിലുള്ള 437 അംഗങ്ങളില്‍ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നാല്‍ 10 ദിവസം മുന്‍പു നോട്ടിസ് നല്‍കാതെ വിളിച്ചുചേര്‍ത്ത യോഗം നിയമപരമായി നിലനില്‍ക്കില്ലെന്നും റിട്ടേണിങ് ഓഫിസര്‍ ഇല്ലാതെയായിരുന്നു തിരഞ്ഞെടുപ്പ് എന്നും പി.ജെ. ജോസഫ് പ്രതികരിച്ചു..

‘പാര്‍ട്ടി പിളര്‍ന്നു.. എന്നാല്‍ പിളര്‍പ്പിനൊപ്പം ആളില്ല. പാര്‍ട്ടി ഭരണഘടനയുടെ 29 ാം വകുപ്പു പ്രകാരം, വര്‍ക്കിങ് ചെയര്‍മാനായ എനിക്കാണ് ഇപ്പോഴും ചെയര്‍മാന്റെ അധികാരം. യോഗത്തില്‍ പങ്കെടുത്തവര്‍ തെറ്റുതിരുത്തി തിരിച്ചുവന്നാല്‍ പാര്‍ട്ടിയില്‍ തുടരാം; അല്ലാത്തവര്‍ പുറത്തേക്ക്’ – ജോസഫ് പറഞ്ഞു.

തോമസ് ചാഴികാടന്‍ എംപിയും 5 എംഎല്‍എമാരില്‍ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും യോഗത്തില്‍ പങ്കെടുത്തു; പി.ജെ. ജോസഫ്, ഡപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ വിട്ടുനിന്നു. ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമും പങ്കെടുത്തില്ല. മുന്‍ എംഎല്‍എമാരായ തോമസ് ജോസഫ്, ജോസഫ് എം.പുതുശേരി, മുതിര്‍ന്ന നേതാക്കളായ പി.കെ.സജീവ്, പി.ടി.ജോസ് തുടങ്ങിയവര്‍ യോഗത്തിനെത്തി.

മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നടപടികള്‍ അതിനു പ്രയാസമുണ്ടാക്കുന്നതാണെന്നു സി.എഫ്. തോമസ് പ്രതികരിച്ചു. 28 അംഗ ഉന്നതാധികാര സമിതിയില്‍ 15 പേരും വിവിധ പോഷകസംഘടനാ നേതാക്കളും തനിക്കൊപ്പമുണ്ടെന്നു ജോസഫ് അവകാശപ്പെട്ടു. 8 ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button