KeralaNews

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്യാംപസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണമെന്നുമുളള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാത്തതാണ് ഫണ്ട് മരവിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ തടയണമെന്നും പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പറഞ്ഞുവിടണമെന്നുമടക്കം ഒട്ടേറെ പരിഷ്കരണങ്ങൾ നിയാമവലിയിൽ വരുത്തണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനങ്ങളിലും ഇടപെടൽ ആവശ്യപ്പെട്ടതോടെ യൂണിവേഴ്സിറ്റി എതിർപ്പറിയിക്കുകയായിരുന്നു. ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് യൂണിവേഴ്സിറ്റി നിലപാട്. ട്രംപിൻറെ നീക്കത്തിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ പ്രകടനം നടന്നു.

ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ സര്‍വ്വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

‘അധികാരത്തിലുളളത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവര്‍ സ്വകാര്യസര്‍വ്വകലാശാലകള്‍ എന്തു പഠിപ്പിക്കണം, ആരെ ജോലിക്ക് നിയമിക്കണം, ഏതൊക്കെ പഠനമേഖലകള്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടരുത്. പൗരാവകാശ നിയമപ്രകാരം ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അനുവാദമില്ല. ഹാര്‍വാര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. യൂണിവേഴ്‌സിറ്റിയെ മെച്ചപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’-എന്നാണ് അലന്‍ ഗാര്‍ബര്‍ പറഞ്ഞത്.

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ സമ്മര്‍ദ്ദത്തിലായ നിരവധി സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ്. പെന്‍സില്‍വാനിയ, ബ്രൗണ്‍, പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലകള്‍ക്കുളള സാമ്പത്തിക സഹായവും വിദ്യാഭ്യാസ വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കൊളംബിയ സര്‍വ്വകലാശാല അവരുടെ നയങ്ങള്‍ പരിഷ്‌കരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button