മാഞ്ചസ്റ്റര്‍: പത്തു വര്‍ഷത്തിനിടയില്‍ നടന്ന ലോകക്കപ്പുകളില്‍ ഇന്ത്യക്കെതിരെ ജയം സ്വന്തമാക്കാന്‍ പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്ററില്‍ മഴ ഇന്നലെ കളിമുടയ്ക്കിയിട്ടും കോഹ്ലിയുടെ പടയ്ക്കു മുന്നില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി. രാജ്യം മുഴുവന്‍ ഇന്ത്യയുടെ വിജയത്തില്‍ ആഹ്ലാദിക്കുമ്പോള്‍ പാകിസ്ഥാന്റെപോരാട്ടവീര്യമില്ലായ്മയ്മയെ പഴിക്കുകയാണ് പാക് ആരാധകരും മുന്‍ താരങ്ങളും. നായകന്‍ സര്‍ഫറാസിനെയും പേസര്‍ ഹസന്‍ അലിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം ഷൊയിബ് അക്തര്‍.
തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയെന്ന വിമര്‍ശനമാണ് പാക് നായകന്‍ സര്‍ഫറാസിനെതിരെ അക്തര്‍ നടത്തിയത്. ടോസ് ലഭിച്ചിട്ടും ഇന്ത്യയെ ബോളിംഗിനയച്ച സര്‍ഫറാസിന്റെ തീരുമാനത്തിനെതിരെയായിരുന്നു അക്തറിന്റെ വിമര്‍ശനം. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ വരുത്തിയ പിഴ ഇന്നലെ പാകിസ്ഥാന്‍ ആവര്‍ത്തിച്ചിരിക്കുന്നു. സര്‍ഫറാസിന് എങ്ങനെ ഇങ്ങനെ ബുദ്ധിയില്ലാതെ പെരുമാറാന്‍ സാധിക്കുന്നു എന്ന മനസിലാകുന്നില്ല. നമുക്ക് നന്നായി ചെയ്സ് ചെയ്യാന്‍ സാധിക്കില്ല എന്ന് എന്തുകൊണ്ട് അദ്ദേഹം മറന്നു പോയി. സര്‍ഫറാസ് ടോസ് ജയിച്ചപ്പോള്‍ തന്നെ മത്സരം പാകിസ്താന്‍ പാതി ജയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് കളഞ്ഞുകുളിച്ചുവെന്നും അക്തര്‍ പറഞ്ഞു.
അതേസമയം വാഗാ അതിര്‍ത്തിയിലെ ഹസന്‍ അലിയുടെ നൃത്ത പ്രകടനം ചൂണ്ടിക്കാട്ടിയാണ് പേസര്‍ ഹസന്‍ അലിയെ അക്തര്‍ വിമര്‍ശിച്ചത്. 2018ല്‍ ഹസന്‍ അലി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി ഡാന്‍സ് കളിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വാഗ അതിര്‍ത്തിയില്‍ പോയി തുള്ളിച്ചാടാന്‍ ഹസന്‍ അലിക്ക് നാണക്കുറവുണ്ടിയിരുന്നില്ല. എന്നാല്‍ ആ ആവേശം ഹസന്‍ അലിക്ക് എന്തുകൊണ്ടാണ് മൈതാനത്ത് പുറത്തെടുക്കാനാകത്തതെന്ന് അക്തര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ പല ബോളുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നു. ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുന്ന വേഗതയോ സ്വിംഗോ അദ്ദേഹത്തിന്റെ പന്തുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് മത്സരശേഷം തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അക്തര്‍.
Post Your Comments