മുംബൈ: ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോർഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് മിതാലി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. 2000ല്‍ ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ മിതാലി 2005, 2009, 2013, 2017, 2022 ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തു.
ന്യൂസിലന്‍ഡ് മുന്‍ താരം ഡെബീ ഹോക്‌ലി, ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്‌വേഡ്‌സ് എന്നിവരെ പിന്നിലാക്കിയാണ് മിതാലി ഈ നേട്ടം സ്വന്തമാക്കിയത്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മിതാലി രാജിനായി. ആറ് ഏകദിന ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വനിതാ ടീം ക്യാപ്റ്റന്‍ പേരിനൊപ്പം കൈവരിച്ചത്.
1992, 1996, 1999, 2003, 2007, 2011 ലോകകപ്പുകളിലാണ് സച്ചിന്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. വനിതാ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് 39കാരിയായ മിതാലിയുടെ പേരിലാണ്. 226 ഏകദിനത്തില്‍ നിന്ന് 7632 റണ്‍സാണ് താരം നേടിയത്. ഏഴ് സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും 89 ടി20യില്‍ നിന്ന് 2364 റണ്‍സും മിതാലിയുടെ പേരിലുണ്ട്.
Post Your Comments