
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. പ്രകാശൻ തമ്പി കടയിലെ സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോയിയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടില്ലെന്ന് ഷംനാദ് വ്യക്തമാക്കി. പ്രകാശൻ തമ്പിയെ അറിയില്ലെന്നും കടയിൽ വന്നിട്ടില്ലെന്നും ദൃശ്യങ്ങൾ കൊണ്ടുപോയത് പോലീസുകാരാണെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
പുലർച്ചെ രണ്ട് മണിക്കാണ് കരിക്കിൻ ജ്യൂസ് കുടിക്കാൻ ബാലഭാസ്‌ക്കറും ഡ്രൈവറും കടയിൽ എത്തിയത്. ആ സമയം താൻ ഉറങ്ങി എണീറ്റ് വന്ന് ഭാര്യക്കും മറ്റും കുടിക്കാൻ വേണ്ടേയെന്ന് ചോദിച്ചു. എന്നാൽ അവർക്ക് മൂന്നാല് ദിവസത്തെ യാത്രാക്ഷീണം ഉണ്ടെന്നും ഉറങ്ങുകയാണെന്നും ബാലഭാസ്കർ പറഞ്ഞു. എന്നാൽ ബാലഭാസ്‌കർ മരിച്ച ശേഷം പോലീസുകാർ അന്വേഷണത്തിന് വന്നപ്പോഴാണ് വയലിനിസ്റ്റ് ബാലഭാസ്കറാണ് കടയിൽവന്നതെന്ന് മനസിലായതെന്ന് ഷംനാദ് പറഞ്ഞു.
നീല ഇന്നോവ കാർ തന്നെയാണ് കണ്ടതെന്നും ബാലഭാസ്കർ കടയിൽനിന്ന് പോകുന്നതിന് മുമ്പുതന്നെ താൻ കിടക്കാൻ പോയിയെന്നും ഷംനാദ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ 30 ദിവസത്തേക്ക് മാത്രമേ നിൽകുകയുള്ളൂയെന്ന് ഡിവൈഎസ്‌പി ഹരികൃഷ്ണനോട് ഷംനാദ് പറഞ്ഞിരുന്നു. എന്നാൽ ഫോറൻസിക് വിദഗ്ദ്ധരെകൊണ്ട് ദൃശ്യങ്ങൾ എടുപ്പിക്കാമെന്നും പോലീസുകാർക്കല്ലാതെ മറ്റാർക്കും ദൃശ്യങ്ങൾ കൈമാറരുതെന്നും ഹരികൃഷ്ണൻ സാർ പറഞ്ഞുവെന്നും ഷംനാദ് വ്യക്തമാക്കി. ജ്യൂസ് കടയിലെ സിസിടിവി പ്രകാശൻ തമ്പി എടുത്തുകൊണ്ടുപോയിയെന്ന് ഷംനാദ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത.
Post Your Comments