Kerala

ഒരു കേസിൽപെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്ന് പറഞ്ഞു; അർജുൻ സ്ഥിരം ഡ്രൈവറായിരുന്നില്ല: ലക്ഷ്മി

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകമുണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായിരുന്നു.

തിരുവനന്തപുരം: അർജുനെതിരെ കേസുണ്ടായിരുന്നത് വയലിനിസ്റ്റ് ബാലഭാസ്കറിന് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. എന്നാൽ, അർജുൻ കുറ്റവാളിയാണെന്ന് ബാലഭാസ്കർ വിശ്വസിച്ചിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനുമായി അപകട ശേഷം ഒരു ബന്ധവുമില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകമുണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അർജുനെ സംബന്ധിച്ച് ലക്ഷ്മി കൂടുതൽ വിവരങ്ങൾ തുറന്നു പറയുന്നത്.

അടുത്ത സൗഹൃദമുണ്ടായിരുന്ന പാലക്കാട് ചെർപ്പുളശേരി പൂന്തോട്ടം കുടുംബത്തിലെ ബന്ധുവാണ് അർജുൻ എന്നാണ് ലക്ഷ്മി അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അവിടെ വച്ചാണ് അർജുനെ ബാലു പരിചയപ്പെട്ടതെന്നും ലക്ഷ്മി പറയുന്നു. ഒരു കേസിൽപെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ജോലി വേണമെന്നും പറഞ്ഞപ്പോൾ സഹായിക്കാമെന്നു കരുതിയാണ് ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. സ്ഥിരം ഡ്രൈവറായിരുന്നില്ല, വിളിക്കുമ്പോൾ മാത്രം വാഹനമോടിക്കാൻ എത്തുന്നതായിരുന്നു പതിവെന്നും ലക്ഷ്മി പറഞ്ഞു.

അപകട ശേഷം അർജുനുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല, അയാളാണ് വാഹനം ഓടിച്ചതെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ ഞങ്ങൾക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മറ്റൊരു സുഹൃത്തായിരുന്ന പ്രകാശൻ തമ്പിയുടെ കയ്യിലാണ് ബാലുവിന്റെ ഫോണും പഴ്സും ഉള്ളതെന്ന് അറിഞ്ഞ് തിരികെ ചോദിച്ചത് എന്റെ അമ്മയാണ്. പഴ്സ് തിരികെ തന്നെങ്കിലും ഫോൺ തന്നിരുന്നില്ല. ഫോൺ എത്തിക്കാമെന്നു പറഞ്ഞെങ്കിലും തന്നില്ല. ആ ഫോൺ ദുരുപയോഗം ചെയ്യുമെന്നും കരുതിയില്ല. പിന്നീടാണ് കേസുകളിലൊക്കെ പെട്ടത് അറിഞ്ഞത്. ഇവർക്കൊക്കെ ഇത്തരം ഒരു പശ്ചാത്തലം ഉള്ളത് ബാലു അറിഞ്ഞിട്ടുണ്ടാകില്ല. ഇഷ്ടപ്പെടുന്നവരെ അങ്ങേയറ്റം ആത്മാർഥമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതായിരുന്നു രീതി. ബാലുവിന്റെ എല്ലാ സുഹൃത്തുക്കളെയും തനിക്ക് അടുത്തറിയില്ലെന്നും ലക്ഷ്മി വെളിപ്പെടുത്തി.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. പലർക്കും പണം കൊടുത്തത് പറഞ്ഞിട്ടുണ്ട്. അതിൽ തിരിച്ചുകിട്ടിയതും കിട്ടാത്തതുമുണ്ട്. തിരിച്ചുകിട്ടാനുളളതിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയോ ആരോടും ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരാളും ബാലുവിൽനിന്നു വാങ്ങിയതെന്നു പറഞ്ഞ് പണം തിരികെ തന്നിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. കേസിൽ ഉൾപ്പെട്ട ഒരു വ്യക്തിക്കും ബാലു പണം കൊടുത്തിട്ടുള്ളതായി അറിഞ്ഞു. അതും തിരികെ തന്നിട്ടില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

അപകടത്തിൽ തനിക്ക് തലച്ചോറിനാണു കാര്യമായി പരുക്കേറ്റതെന്നും ലക്ഷ്മി വ്യക്തമാക്കി. ദേഹമാസകലം മുറിവുകളും ഒടിവും ഉണ്ടായിരുന്നു. കാലിന് ഇപ്പോഴും പ്രശ്നമുണ്ട്. ചികിത്സ തുടരുകയാണ്. ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ കൈകളൊക്കെ ബെഡിൽ കെട്ടിയിട്ടിരിക്കുകയാണ്. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോൾ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റർമാർ പറഞ്ഞത്. ഏറെനാൾ ബാലുവുമായി സംസാരിക്കുന്നത് ഒരു യാഥാർഥ്യമായി വിശ്വസിച്ചിരുന്നു. പിന്നീടാണ് ബാലുവും മോളും പോയ കാര്യം പറഞ്ഞത്. താനതു വിശ്വസിക്കാതെ കൗൺസലിങ്ങിനെത്തിയ സൈക്കോളജിസ്റ്റിനോട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നുവെന്നും ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

പിന്നീട് യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ വിവാദങ്ങളുടെയും കേസിന്റെയുമെല്ലാം നടുവിലായി. ഇനിയൊരിക്കലും വയലിൻ വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബാലുവെന്നാണ് അറിഞ്ഞത്. അങ്ങനെയൊരു അവസ്ഥയെ ഭയപ്പെട്ടിരുന്ന ബാലു അങ്ങനെ ജീവിക്കേണ്ടി വരാത്തതിൽ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കിലെന്നേ എന്റെ സ്വാർഥത ആഗ്രഹിച്ചിട്ടുള്ളൂ.

ബാലഭാസ്കറിന്റെ വീട്ടുകാരുമായുള്ള അകൽച്ച തങ്ങളുടെ വിവാഹം മുതൽ ഉള്ളതാണെന്നും ലക്ഷ്മി പറയുന്നു. പ്രണയിച്ചു വിവാഹം കഴിച്ചതുകൊണ്ട് എന്നെ അംഗീകരിച്ചിരുന്നില്ല. താൻ അവിടെ പോകുന്നത് ഒഴിവാക്കിയതു ബാലു തന്നെയായിരുന്നുവെന്നും ലക്ഷ്മി വ്യക്തമാക്കി. ഒരു തവണ മാത്രമാണ് ബാലു തന്നെ വീട്ടിൽ കൊണ്ടുപോയിട്ടുള്ളത്. ബാലു മിക്കപ്പോഴും വീട്ടിൽ പോകുമായിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ വീടുകളിലൊക്കെ പോയിട്ടുണ്ട്. ബാലുവിന്റെ അച്ഛൻ തങ്ങളുടെ വീട്ടിലും വരുമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. അപകടശേഷവും അദ്ദേഹം 2 തവണ വന്നു കണ്ടിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ അവഹേളനം ഉണ്ടായത് അകൽച്ച കൂട്ടി. അടുപ്പമുള്ളവർ പോലും അപകടശേഷം മിണ്ടാതായത് വിഷമിപ്പിച്ചു. ബാലുവിന്റെ കാര്യത്തിൽ ആദ്യ അവകാശം അച്ഛനമ്മമാർക്കു തന്നെയാണ്. ബാലുവിന്റെ മരണത്തിൽ സംശയം ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അവർ പരാതി നൽകി നിയമപ്പോരാട്ടം നടത്തിയത്. ആ അവകാശത്തെ ഒരിക്കൽപോലും എതിർത്തിട്ടില്ല. എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ചാണ് അന്വേഷണത്തോടു സഹകരിച്ചത്.

തന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതു മനുഷ്യത്വമില്ലായ്മയാണെന്ന് പറഞ്ഞ ലക്ഷ്മി, തനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ലെന്നും കൂട്ടിച്ചേർത്തു. തന്റെ ജീവനായിരുന്ന രണ്ടു പേരുടെ ആത്മാക്കൾക്കായി ചെയ്യാനാകുന്നത് അറിയാവുന്ന കാര്യങ്ങൾ കൃത്യമായി നിയമത്തിനു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. കണ്ടതും അറിഞ്ഞതും മാത്രമേ പറയാനാകൂ. കേട്ടതും ഊഹങ്ങളും പറയാനാകില്ല. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായതാണ് ഏറെ വേദനിപ്പിക്കുന്നതെന്നും ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button