തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ അര്‍ജുനാണ് ഡ്രൈവ് ചെയ്തിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ഇത് സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലക്ഷിമിയുടെയും അര്‍ജുന്റെയും പരസ്പരവിരുദ്ധമായ മൊഴി പൊലീസിനെ ഏറെ കുഴക്കിയിരുന്നു. അപകടസമയത്തെ ഡ്രൈവറെ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തിയെങ്കിലും ഏറെനാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിക്കാനായിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിയും നല്‍കി. ഇതോടെ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് മുടിനാരുകള്‍ വഴി കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും അറസ്റ്റിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അപകടം നടന്ന് ആശുപത്രിയിലായശേഷവും ബാലഭാസ്‌കറിന്റെ മരണശേഷവും എല്ലാകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നു എന്ന് ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും വെളിപ്പെടുത്തിയിരുന്നു. 2018 സെപ്തംബര്‍ 25 നാണ് തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബാലബാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments