KeralaLatest NewsIndia

സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ബാലഭാസ്കറിന്റെ അപകട മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ, ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി നുണ, ബാലഭാസ്കർ തന്നെ ഡോക്ടറോട് പറഞ്ഞത് മറ്റൊന്ന്

അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് ഡ്രൈവര്‍ അര്‍ജ്ജുനന്‍ മൊഴി നല്‍കിയത്.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌പിതാവ് സി.കെ.ഉണ്ണി നല്‍കിയ കേസ് സിബിഐ ഏറ്റെടുത്തതോടെ അതുവരെ മൗനമായിരുന്നവർ പലരും മൊഴി നല്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് ഡ്രൈവര്‍ അര്‍ജ്ജുനന്‍ മൊഴി നല്‍കിയത്.

‘കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോ ള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന്‍ കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു.’ ഇതായിരുന്നു അർജുന്റെ മൊഴി.

എന്നാൽ അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ മൊഴി. ലക്ഷ്മിയും കുഞ്ഞും ആ സമയത്ത് ഉറക്കമായിരുന്നുവെന്നും അര്‍ജുന്മൊഴി നല്‍കിയിരുന്നു. എന്നാല്‍, അത് ശരിയല്ലെന്നും അപകടസമയത്ത് ബാലഭാസ്‌കര്‍ ഉറക്കമായിരുന്നുവെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഫൈസല്‍ നടത്തിയിരിക്കുന്നത്.

അപകടം നടന്ന ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോ.ഫൈസല്‍. ആശുപത്രിയിൽ ബാലഭാസ്കറിനെ എത്തിക്കുമ്പോൾ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു എന്നും അദ്ദേഹം തന്നോട് സംസാരിച്ചിരുന്നു എന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. പത്ത് മിനിറ്റോളം ബാലഭാസ്‌കര്‍ ബോധത്തോടെയിരുന്നുവെന്നും ഡോ. ഫൈസല്‍ പറയുന്നു.എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഉറങ്ങുകയായിരുന്നു, അപകടത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്’ എന്ന് ബാലഭാസ്‌കര്‍ പറഞ്ഞുവെന്നാണ് ഡോ. ഫൈസല്‍ വ്യക്തമാക്കുന്നത്.

പത്ത് മിനിറ്റിനകം അവിടേക്ക് ബന്ധുക്കളെത്തിയെന്നും, പ്രാഥമിക ശുശ്രൂഷ ബാലഭാസ്‌കറിനും ഭാര്യയ്ക്കും കുഞ്ഞിനും നല്‍കിയതിന് പിന്നാലെ, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. ഫൈസല്‍ വ്യക്തമാക്കുന്നു. ഇതോടെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴിക്ക് കടകവിരുദ്ധമാണ് യഥാർത്ഥത്തിൽ നടന്നതെന്ന് വെളിപ്പെടുത്തുന്നതാണ് ഡോക്ടര്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍.ഇപ്പോള്‍ അന്വേഷണത്തിനു സിബിഐ എത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനമാകും എന്നാണ് കുടുംബം കരുതുന്നത്. ബാലുവിന്റേത് അപകട മരണമല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു ബാലുവിന്റെ അച്ഛന്‍ കെ.സി.ഉണ്ണി ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഒട്ടനവധി സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിയുവാന്‍ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകള്‍ക്ക് കഴിയുമായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. കേസ് അന്വേഷിക്കുന്ന കേരള പൊലീസില്‍ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്. അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണു മരണത്തിലെ ദുരൂഹതയ്ക്കു കാരണമായത്. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫൊറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം.

ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. പാലക്കാട് ഉള്ള ഡോക്ടര്‍ക്കെതിരെയും സ്വര്‍ണ്ണക്കടത്ത് ബന്ധവുമായും ബാലഭാസ്‌കറിന്റെ കുടുംബം എത്തിയതോടെയാണ് വാഹനാപകടം വിവാദമായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button